മാ നിഷാദ! ചോരയൊലിച്ച് കിടക്കുന്ന പെണ്‍കുട്ടിയെ സഹായിക്കാതെ വീഡിയോ പകര്‍ത്തി ആള്‍ക്കൂട്ടം
ലഖ്നൗ: ഗുരുതരമായി പരുക്കേറ്റ് സഹായത്തിനായി അപേക്ഷിക്കുന്ന പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന് പകരം വീഡിയോ പകര്‍ത്തി ആള്‍ക്കൂട്ടം. ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്നുള്ള ക്രൂരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിലത്ത് വീണ് ചോരയൊലിച്ചു കിടക്കുന്ന പെണ്‍കുട്ടി സഹായത്തിനായി കൈ നീട്ടുമ്പോഴും ആളുകള്‍ ചുറ്റും കൂടി നിന്ന് വീഡിയോ എടുക്കുകയായിരുന്നു.
ഞായറാഴ്ച വീട്ടില്‍നിന്നു കാണാതായ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്ക് ശേഷം തലയില്‍ ഉള്‍പ്പെടെ ഒന്നിലധികം മുറിവുകളോടെ കണ്ടെത്തിയത്. സഹായത്തിനായി കേഴുമ്പോഴും കാഴ്ച്ചക്കാര്‍ അവളെ വിവിധ കോണുകളില്‍നിന്നും ചിത്രീകരിക്കുന്ന 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
പോലീസിനെ അറിയിച്ചോ എന്ന് ആരോ ചോദിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. മറ്റൊരാള്‍ പോലീസ് മേധാവിയുടെ നമ്പര്‍ ചോദിക്കുന്നുമുണ്ട്. എന്നാല്‍, പെണ്‍കുട്ടിയെ സഹായിക്കാന്‍ ശ്രമിക്കാതെ ചിത്രീകരണം തുടരുകയാണ്. പോലീസ് എത്തുന്നതുവരെ ഇത് തുടര്‍ന്നു. പോലീസുകാരന്‍ പരുക്കേറ്റ പെണ്‍കുട്ടിയുമായി ഓട്ടോറിക്ഷയിലേക്ക് ഓടുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.