വ്യാജ പെണ്ണെഴുത്തുകാരില്നിന്നും എത്രയോ ഉയരെയാണ് സ്വപ്ന; അതാണ് സ്വപ്ന സുരേഷ് പറഞ്ഞ ജീവിതം: ജോയ് മാത്യു
കോഴിക്കോട്: സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹ’ത്തെ പ്രശംസിച്ച് സിനിമതാരം ജോയ് മാത്യു. ഏത് ചവറ് പുസ്തകവും ക്ലാസിക്കാണെന്ന് പറയുന്ന ഭരണകൂടത്തെ പിന്തുണക്കുന്നവര്‍ ഇത് കണ്ടില്ലെന്ന് നടിക്കും. മാധവിക്കുട്ടിയുടെ ഭാവനലോകത്തേക്കാള് കള്ളിമുള്ളുകള്‍ പൂത്തു തളിര്‍ത്ത് വിഹ്വലമായ ഒരു ജീവിതം. അതിലെ നേരിന്റെ ശോഭ ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരില്‍ നിന്നും എത്രയോ ഉയരെയാണെന്നും അതാണ് സ്വപ്ന സുരേഷ് പറഞ്ഞ ജീവിതംമെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകം. സാഹിത്യത്തിന്റെ കിന്നരികള് തുന്നിച്ചേര്‍ക്കാത്തതാണ് ഇതിന്റെ മേന്മ. കൊച്ചുപുസ്തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകം,
എന്നാല്‍ സ്വന്തം വീട്ടില്‍ അധികപറ്റ് പോലെ കറുപ്പ് നിറത്തില്‍
ജനിച്ചവള്‍, സ്വന്തം പിതാവിന്റെയും അമ്മാവന്റെയും ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് ചോര ചിതറിയ ശരീരവുമായി ജീവിക്കേണ്ടി കുട്ടി.
സാഹിത്യ നിരൂപക ഭിഷഗ്വരന്മാര് ഈ പുസ്തത്തെപ്പറ്റി മിണ്ടില്ല. കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിര്‍ത്തുന്ന പണിയെ അവര്‍ക്കറിയൂ.
എന്നാല്‍, അധികാരം എങ്ങിനെയൊക്കെ ഒരു പെണ് ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാന്‍ ഈ പുസ്തകം നമ്മളെ സഹായിക്കും.
ഏത് ചവറ് പുസ്തകവും ക്ലാസ്സിക് ആണ് എന്ന് പറഞ്ഞുപ്രചരിപ്പിക്കുന്ന നമ്മുടെ നിരൂപകന്മാരും ഭ.മു.താ. (ഭരണകൂട- മൂട്- താങ്ങികളും ) ഈ പുസ്തകത്തെ കണ്ടില്ലെന്ന് നടിക്കും, അത് അവരുടെ നിലനില്‍പ്പിന്റെ കാര്യം. പക്ഷെ ഒന്നുണ്ട്, മാധവിക്കുട്ടിയുടെ ഭാവനാലോകത്തേക്കാള്‍ കള്ളിമുള്ളുകളില്‍ പൂത്തു തളിര്‍ത്ത് വിഹ്വലമായ ഒരു ജീവിതം -അതിലെ നേരിന്റെ ശോഭ -ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരില്‍ നിന്നും എത്രയോ ഉയരെയാണ്-അതാണ് സ്വപ്ന സുരേഷ് പറഞ്ഞ ജീവിതം .
(ദയവായി പുസ്തകങ്ങള്‍ കൈകൊണ്ട് തൊടാത്ത സൈബര്‍ അടിമകള്‍ കമന്റ് ബോക്സില്‍ വന്ന് കാപ്സ്യൂള്‍ വിളമ്പരുത് .വിളമ്പിയാല്‍ വിവരമറിയും )