കോട്ടയം: എം ജി സർവകലാശാല കൈക്കൂലിക്കേസിൽ പിടിയിലായ പരീക്ഷ ഭവൻ അസിസ്റ്റന്റ് സി ജെ എൽസിയെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ സിൻഡിക്കേറ്റ് ശുപാർശ. എൽസിയെ പിരിച്ചുവിടാനുള്ള സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച സിൻഡിക്കേറ്റ് നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. ശിക്ഷാ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി.
എംബിഎ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28 നാണ് എൽസിയെ സർവകലാശാലയിൽ നിന്ന് വിജിലൻസ് പിടികൂടിയത്. എൽസിയുടെ അക്കൗണ്ട് പരിശോധിച്ചതോടെയാണ് വിജിലൻസിന് കൈക്കൂലിയുടെ നിർണായക തെളിവുകൾ ലഭിച്ചത്. 2010-2014 ബാച്ചിലെ വിദ്യാർത്ഥികളായ നാല് പേരിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി എൽസിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടായിരുന്നു എൽസിയുടെ നീക്കങ്ങൾ. സാമ്പത്തിക ചുറ്റുപാടും മനസിലാക്കി നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെ പണമിടപാടിലേക്ക് എത്തുകയായിരുന്നു.
മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നായിരുന്നു എൽസിയുടെ വാഗ്ദാനം. വിദ്യാർത്ഥികളിൽ രണ്ട് പേരുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.