IndiaNEWS

സംസ്ഥാന സർക്കാരുകൾ ചാനൽ നടത്തരുത്; നിലവിലെ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണം, വിക്ടേഴ്സിനടക്കം നടപടി ബാധകമായേക്കും 

ദില്ലി: സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലുള്ളത്. 2023 ഡിസംബറോടെ പൂർണ്ണമായും സംസ്ഥാനങ്ങൾ ചാനൽ പ്രക്ഷേപണത്തിൽ നിന്നും പിന്മാറണമെന്നും വാർത്ത വിതരണ മന്ത്രാലയം നിർദ്ദേശിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിനടക്കം നടപടി ബാധകമായേക്കുമെന്നാണ് സൂചന. തമിഴ്നാട് സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ കാൽവി ടിവി, ആന്ധ്രാ പ്രദേശ് സർക്കാരിന്റെ ഐപി ടിവി എന്നിവയെയും നടപടി ബാധിച്ചേക്കും. കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചതോടെ, കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ സർക്കാർ ചാനലുകളിലൂടെയായിരുന്നു കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തിയിരുന്നത്. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ മന്ത്രാലയങ്ങൾക്ക് ഇനി ബ്രോഡ്കാസ്റ്റിംഗ് മേഖലയിലേക്ക് കടക്കാൻ അനുമതിയില്ലെന്നും നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നും നിർദ്ദേശമുണ്ട്.

Back to top button
error: