ചൈനയോട് കോർക്കാൻ നിൽക്കണ്ട, അവർ മൂടോടെ തകർത്തിട്ട് പോകും, യുഎസിന്റെ ഓരോ തന്ത്രത്തിനും ചൈനയുടെ പക്കൽ ഡ്യൂപ്പുണ്ട്!! ഒരു മഹാശക്തിയുമായി യുദ്ധം ചെയ്ത് വിജയിക്കാനുള്ള ശക്തി യുഎസിനില്ല, തയ്വാൻ വിഷയത്തിൽ യുദ്ധമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും- മുന്നറിയിപ്പുമായി യുഎസ് രഹസ്യരേഖ

വാഷിങ്ടൻ: ചൈനയോട് കൊമ്പു കോർക്കാൻ നിൽക്കേണ്ടന്ന് യുഎസ് രഹസ്യരേഖ. തയ്‌വാൻ വിഷയത്തിൽ സംഘർഷമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും, സൈന്യത്തെ പരാജയപ്പെടുത്തുമെന്നും യുഎസ് രഹസ്യരേഖയിൽ പറയുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് ചെലവേറിയതും ദുർബലവുമായ ആയുധങ്ങളെ ആശ്രയിക്കുമ്പോൾ എതിരാളികൾ വില കുറഞ്ഞതും സാങ്കേതിക വിദ്യയിൽ കൂടുതൽ മികച്ചതുമായ ആയുധങ്ങൾ വികസിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം തയ്‌വാൻ വിഷയത്തിൽ ഇടപെടാനുള്ള എല്ലാ വിദേശ ശ്രമങ്ങളെയും തകർക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. തയ്‌വാന് അടുത്തുള്ള ദ്വീപിൽ ജപ്പാൻ മിസൈലുകൾ സ്ഥാപിച്ചതിനെതിരെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. “ ചൈനയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ഞങ്ങൾക്ക് ഉറച്ച ഇച്ഛാശക്തിയും ദൃഢനിശ്ചയവും അതിനുള്ള ശേഷിയുമുണ്ട്. എല്ലാ വിദേശ ഇടപെടലുകളെയും ഞങ്ങൾ തകർക്കും.”–തയ്‌വാൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചൈനീസ് മന്ത്രാലയത്തിന്റെ വക്താവ് പെങ് ക്വിംഗെൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
അതുപോലെ യുഎസ് യുദ്ധവിമാനങ്ങളും യുദ്ധ കപ്പലുകളും ഉപഗ്രഹങ്ങളും തകർക്കാനുള്ള ചൈനയുടെ കഴിവിനെക്കുറിച്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. യുഎസ് സൈന്യത്തിന്റെ വിതരണ ശൃംഖലയിലെ ദൗർബല്യങ്ങളും റിപ്പോർട്ടിലുണ്ട്. 2021ൽ ജോ ബൈഡൻ ഭരണകാലത്ത് ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് ഈ രഹസ്യരേഖ ലഭിച്ചപ്പോൾ അദ്ദേഹം പകച്ചുപോയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ യുഎസിന്റെ ഓരോ തന്ത്രത്തിനും ചൈനയുടെ പക്കൽ ബദലുകളുണ്ട്. ഒരു മഹാശക്തിയുമായി യുദ്ധം ചെയ്ത് വിജയിക്കാനുള്ള യുഎസിന്റെ ശക്തിയിൽ കുറവുണ്ടായതായും രേഖയിൽ പറയുന്നു. അതേസമയം തയ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ തയ്‌വാൻ ഇത് അംഗീകരിക്കുന്നുമില്ല. തയ്‌വാന് സൈനിക സഹായം നൽകുന്നത് യുഎസ് ആണ്. ഇതോടെയാണ് യുഎസിന് മുന്നറിയിപ്പ് എത്തിയത്.






