കോടതിക്ക് മുന്‍പേ ജ്യോതിഷികള്‍ വിധിയെഴുതിയെന്ന് അവകാശവാദങ്ങള്‍; സോഷ്യല്‍മീഡിയയില്‍ വിധി പ്രവചിച്ച വീഡിയോകള്‍ വൈറല്‍; കൊന്ന് കൊലവിളിച്ച് കമന്റുകള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജ്യോതിഷികള്‍ കോടതിക്ക് മുന്‍പേ വിധിയെഴുതിയെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ വൈറലാകുന്നു. സോഷ്യല്‍മീഡിയയില്‍ ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. വീഡിയോകള്‍ക്ക് താഴെ ജ്യോതിഷമെന്ന് ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം കൊന്നുകൊലവിളിക്കുന്ന കമന്റുകളും ധാരാളമെത്തുന്നുണ്ട്.
ദിലീപ് നിരപരാധിയാണെന്ന് കോടതി കണ്ടെത്തുമെന്നാണ് ജ്യോത്സ്യന്‍ മോഹന്‍ദാസ് ഡിസംബര്‍ രണ്ടിന് പ്രവചിച്ചതെന്ന് സുധീഷ് ചെമ്പകശേരിയെന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
വയനാട് ദുരന്തമടക്കം താന്‍ പറഞ്ഞിട്ടുണ്ടെന്ന് ജ്യോത്സ്യന്‍ അവകാശപ്പെടുന്നുണ്ട്.
ജ്യോതിഷ വിധി പ്രകാരം ദിലീപ് ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ല എന്ന് മോഹന്‍ദാസ് പറയുന്നുണ്ട്.

അസ്‌ട്രോളജി സയന്‍സാണെന്നും ജ്യോതിഷം നല്ലപോലെ പഠിച്ച ഗണികര്‍ പറയുന്നത് ഫലിക്കാറുണ്ടെന്നും കമന്റുകളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം കൂടി പ്രവചിക്കാമായിരുന്നു എന്ന കമന്റും കൂട്ടത്തിലുണ്ട്.
ജ്യോതിഷത്തെ എങ്ങിനെ ദുരുപയോഗം ചെയ്യാമെന്ന് കാണിച്ചു തരുന്ന വീഡിയോ എന്ന വിമര്‍ശനവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
കോടതിയില്‍ കേസുകളുള്ള എല്ലാ കക്ഷികളും ജ്യോത്സ്യനെ കാണണമെന്നും വിധി നേരത്തെ അറിയാമെന്നും പരിഹസിച്ചവരും കൂട്ടത്തിലുണ്ട്.
ചേട്ടന്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്റെ ആളാണോ എന്ന് ചോദിച്ചുള്ള കമന്റുകളും ധാരാളം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാശി കൂടി നോക്കാന്‍ ഉപദേശിച്ചവരും ലൈക്ക് നേടിയിട്ടുണ്ട്.
കോടതി വിധി പറയും മുന്‍പേ ഇത്തരത്തില്‍ ജ്യോതിഷികള്‍ വിധി പറയുന്നത് കോടതിയലക്ഷ്യമായി കണക്കാക്കണം എന്ന നിര്‍ദ്ദേശം പലരും ഉന്നയിച്ചിട്ടുണ്ട്.
ശബരിമല സ്വര്‍ണപ്പാളിക്കവര്‍ച്ചാകേസില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്ന് ഗണിച്ചു പറയാമോ എന്ന ചോദ്യവുമുയര്‍ത്തിയിട്ടുണ്ട്.
വയനാട് ദുരന്തം നേരത്തെ അറിയാമായിരുന്നെങ്കില്‍ ആ വിവരം സര്‍ക്കാരിനെ അറിയിച്ച് ഒരുപാട് പേരെ രക്ഷിക്കാമായിരുന്നില്ലേ ജ്യോത്സ്യരേ എന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്.
എന്തായാലും വിധി വന്നതോടെ ദിലീപിനെ വെറുതെവിടും എന്ന് മുന്‍കൂട്ടി പ്രവചിച്ചവര്‍ വീണ്ടും വീഡിയോകളുമായി കളത്തിലിറങ്ങുന്നുണ്ട്. ജ്യോതിഷികളെ അനുകൂലിച്ചും എതിര്‍ത്തും രണ്ടു വിഭാഗങ്ങളായി തിരിഞ്ഞിരിക്കുകയാണ് ആളുകള്‍. സിനിമയിലും രാഷ്ട്രീയത്തിലും ഇപ്പോള്‍ ജ്യോതിഷത്തിലും ചര്‍ച്ച ദിലീപ് തന്നെ.






