Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

ഹു കെയര്‍…വി കെയര്‍ രാഹുല്‍; അങ്ങിനെ ‘കൈ’ വിട്ടുകളയില്ല രാഹുലിനെ കോണ്‍ഗ്രസ്; സംരക്ഷിച്ചു കൂടെത്തന്നെ നിര്‍ത്താന്‍ കോണ്‍്ഗ്രസ് തീരുമാനം; നടപടി വേണമെന്ന ആവശ്യം തള്ളി; രാജിവെക്കാനും പറയില്ല; കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷം; ഹൈക്കമാന്റിനെ കാര്യങ്ങളറിയിച്ചു; പന്ത് കെപിസിസിക്ക് തട്ടിയിട്ട് ഹൈക്കമാന്റ്

തിരുവനന്തപുരം : രാഹുലിനെതിരെയുള്ള ആരോപണവും പരാതിയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും സിപിഎം കെണിയെന്ന് വരുത്തിതീര്‍ത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് രാഹുലിന് സുരക്ഷകവചമൊരുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനകത്ത് ഇതോടെ വലിയ പൊട്ടിത്തെറിക്ക് കളമൊരുങ്ങിക്കഴിഞ്ഞു.

Signature-ad

രാഹുല്‍ മാങ്കൂട്ടത്തിലിനോട് തത്കാലം എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടില്ലെന്നും കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കുമെന്നുമാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍ കേസില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതല്‍ നടപടിയെടുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം കെണിയെന്നാണ് പറഞ്ഞ് രാഹുലിനെതിരെയുള്ള കേസിനെ ശക്തമായി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്ന തീരുമാനം.

 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ.,പത്മകുമാറിനെതിരെ നടപടി എടുക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച സിപിഐക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ നല്‍കിയ കുറ്റം ആരോപിച്ചു എന്ന് കരുതി അയാള്‍ കുറ്റവാളി ആകുന്നില്ലെന്ന മറുപടി തന്നെയാണ് കോണ്‍ഗ്രസും രാഹുലിന്റെ കാര്യത്തില്‍ കൈക്കൊള്ളുന്നത്.
സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇനി എടുക്കാവുന്ന നടപടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയെന്നതാണ്. കടുത്ത നടപടി വേണമെന്നാവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. നടപടിക്കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും പുറത്താക്കലിലേക്ക് തത്കാലം പോകേണ്ടെന്നാണ് പ്രധാന നേതാക്കളുടെ കൂടിയാലോചനയിലുണ്ടായ ധാരണ.


പരാതി നല്‍കിയ കാര്യവും തുടര്‍ സംഭവവികാസങ്ങളും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി ഹൈക്കമാന്റിനെ അറിയിയിച്ചിട്ടുണ്ട്.
തുടര്‍ നടപടി വേണോയെന്ന് തീരുമാനം ഹൈക്കമാന്‍ഡ് ഇപ്പോള്‍ കെപിസിസിക്ക് വിട്ടിരിക്കുകയാണ്. പരാതി വന്നയുടനെ നടപടിയെടുക്കേണ്ടെന്നും കേസിന്റെയും അന്വേഷണത്തിന്റെയും പോക്ക് എങ്ങനെയന്ന് നോക്കി തീരുമാനിക്കാമെന്നുമാണ് ധാരണ. കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രമെന്നാണ് നേതാക്കളുടെ പക്ഷം.

ആരോപണം വന്നപ്പോഴേ രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ടാണ് കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനാകുന്നതെന്നും അന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട വി.ഡി.സതീശനെയും മറ്റും ഒറ്റപ്പെടുത്തി ക്രൂശിച്ചവര്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് കുറച്ചെങ്കിലും തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കുന്നത് അന്ന് ആ നടപടിയെടുത്തതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടുന്നു.

സതീശനും ചെന്നിത്തലയും കെ.മുരളീധരനും യൂത്ത് കോണ്‍ഗ്രസ് നേതാവ് സജനയുമടക്കം കോണ്‍ഗ്രസിനകത്തെ വലിയൊരു വിഭാഗം രാഹുലിനെ സംരക്ഷിക്കാനെടുത്തിരിക്കുന്ന തീരുമാനത്തില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. രാഹുലിനെതിരെ പരസ്യമായി രംഗത്തു വന്ന ഇവരുടെ വാക്കുകള്‍ക്ക് വില കല്‍പിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.
എല്ലാം സിപിഎം ഗൂഢാലോചന എന്നാരോപിച്ച് തിരിച്ചടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസില്‍ രാഹുലിനെ സംരക്ഷിക്കാനിറങ്ങിപ്പുറപ്പെട്ടവര്‍.

ലുക്കൗട്ട് നോട്ടീസ് ഇറക്കി രാഹുലിനുവേണ്ടി പോലീസ് വലവിരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ കാണാമറയത്തിരുന്ന് ശ്രമം തുടരുകയാണെന്നാണ് സൂചന. എംഎല്‍എ യുടെ പ്രിവിലേജ് ഉള്ളതുകൊണ്ടുതന്നെ ഒരു പരാതി കിട്ടിയാലുടന്‍ ചാടിക്കയറിയുള്ള അറസ്റ്റ് പറ്റില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിനേയും സിപിഎം നേതൃത്വത്തേയും അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് രാഹുലിനെ സംരക്ഷിച്ചുപിടിക്കുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ നടപടി കടുത്തതാകുമെന്നാണ് സൂചന.

 

Back to top button
error: