പിഎം ശ്രീ സ്‌കൂളല്ല സര്‍ക്കാര്‍ശ്രീ സ്‌കൂളുകള്‍ വരട്ടെ; സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ കേരളത്തോട് സുപ്രീംകോടതി; നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം സര്‍ക്കാര്‍ സ്‌കൂളിനെ എന്തിന് എതിര്‍ക്കണമെന്നും സാക്ഷരകേരളത്തോട് സുപ്രീം കോടതിയുടെ ചോദ്യം; മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: സാക്ഷരകേരളമെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ആവശ്യമില്ലെന്ന് വാദിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. മഞ്ചേരി എളാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കാന്‍ മഞ്ചേരി മുന്‍സിപ്പാലിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റിയുടെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് നിരാകരിച്ചു. ഇതിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്‌കൂള്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എളാമ്പ്ര മേഖലയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പുതിയ സ്‌കൂള്‍ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഈ നിലപാടിനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് ബസ് കയറിപ്പോകുന്ന വിദ്യാര്‍ഥികള്‍ മടങ്ങിവരിക രാത്രി വൈകി ആയിരിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ അവര്‍ക്ക് പഠിക്കാനോ വിശ്രമിക്കാനോ സമയം കിട്ടുമോ എന്നും കോടതി ചോദിച്ചു.
മഞ്ചേരിയിലെ എളാമ്പ്രയില്‍ മൂന്ന് മാസത്തിനുള്ളില്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കാന്‍ സുപ്രീം ഉത്തരവിട്ടു. സര്‍ക്കാരിന് സ്വന്തം കെട്ടിടം ഇല്ലെങ്കില്‍ വാടകയ്ക്ക് കെട്ടിടമെടുത്ത് സ്‌കൂള്‍ പ്രവര്‍ത്തിക്കണം. സ്ഥിരം അധ്യാപകര്‍ ഇല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. എളാമ്പ്ര നിവാസികള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ്, അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി എന്നിവരാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ ഹാജരായി.

നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം സര്‍ക്കാര്‍ സ്‌കൂളിനെ എന്തിന് എതിര്‍ക്കണമെന്ന് കേരളത്തോട് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനോട് ഈ ചോദ്യം ഉന്നയിച്ചത്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളുകള്‍ ഇല്ലാത്തിടത്ത് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി കേരളത്തിന് നിര്‍ദേശം നല്‍കി. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂളുകള്‍ ഇല്ലെങ്കില്‍ അവിടെ എല്‍പി സ്‌കൂളുകള്‍ സ്ഥാപിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി കര്‍ശന നിര്‍ദേശംനല്‍കി.
സ്വന്തം കെട്ടിടം ഇല്ലെങ്കില്‍ വാടകയ്ക്ക് കെട്ടിടമെടുത്ത് സ്‌കൂളുകള്‍ സ്ഥാപിക്കണം. സ്ഥിരം അധ്യാപകര്‍ ഇല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കണം. ഇതിനായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എയ്ഡഡ് മേഖലയ്ക്ക് ഈ ഉത്തരവ് ബാധകമാകില്ലെന്നും സുപ്രീം കോടതി വ്യക്തത വരുത്തി. മനോഹരമായ പേരുകളുമായി വരുന്ന ട്രസ്റ്റുകള്‍ക്കും ഉത്തരവ് ബാധകമല്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പുതുതായി തുടങ്ങുന്ന സ്‌കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനവും അധ്യാപക നിയമനവും സുതാര്യമായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേരളത്തില്‍ സര്‍ക്കാര്‍ സ്്കൂളുകളെന്തിന് എന്ന് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും തന്നെ ചോദിക്കുമ്പോള്‍ അതിനുള്ള കൃത്യമായ മറുപടിയാണ് കോടതി നല്‍കിയിരിക്കുന്നത്. വിദ്യാധനം സര്‍വധനാല്‍ പ്രധാനമെന്ന പഴഞ്ചൊല്ല് കോടതി യാഥാര്‍ഥ്യമാക്കുകയാണ്.






