Breaking NewsMovie

അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്, പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ റിലീസ് ദിനത്തിൽ മാറ്റമില്ല, ഔദ്യോഗിക പ്രസ്താവനയിറക്കി നിർമ്മാതാക്കൾ

ഹൈ​ദരാബാദ്: കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന പ്രതീക്ഷകൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് വൈകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാക്കള്‍.

ചിത്രത്തിൻ്റെ റിലീസിന് യാതൊരു കാലതാമസമില്ലെന്നും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ കൃത്യമായും ഏവരേയും ഏകോപിപ്പിച്ചും നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കിയിരിക്കുകയാണ്. നിശ്ചയിച്ച റിലീസ് തീയതിയിൽ നിന്ന് സിനിമ വീണ്ടും മാറ്റിവെച്ചതായി നിരവധി റിപ്പോർട്ടുകളും സാമൂഹിക മാധ്യമ പോസ്റ്റുകളും കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ചിത്രം 2026 ജനുവരി 9-ന് തന്നെ സംക്രാന്തി റിലീസായി ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും നിർമ്മാതാക്കളായ പീപ്പിൾ മീഡിയ ഫാക്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.

Signature-ad

“റിബൽ സ്റ്റാർ പ്രഭാസിന്‍റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദി രാജാ സാബിന്‍റെ റിലീസ് പദ്ധതികളെക്കുറിച്ചുള്ള നിലവിലുള്ള ഊഹാപോഹങ്ങളോട് പ്രതികരിച്ചുകൊണ്ട്, 2026-ലെ സംക്രാന്തി റിലീസിൽ നിന്ന് മാറ്റിവെച്ചു എന്ന തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളും തീർത്തും അടിസ്ഥാനരഹിതമാണെന്ന് ടീം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ‘ദി രാജാ സാബ്’ ഔദ്യോഗികമായി പ്രഖ്യാപിച്ചതുപോലെ, 2026 ജനുവരി 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും,” പ്രസ്താവനയിൽ പറയുന്നു.

“ഉന്നതമായ സാങ്കേതിക നിലവാരം നിലനിർത്തിക്കൊണ്ട് യാതൊരു കാലതാമസം കൂടാതെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്, ലോകം മുഴുവനുമുള്ള സിനിമാസ്വാദകർ‍ക്ക് ഒരു ഗംഭീര ദൃശ്യാനുഭവം ഒരുക്കാനായാണ് ചിത്രം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞേക്കൂ, ഈ വരുന്ന സംക്രാന്തി നൽകുന്ന വിസ്മയകരമായ അനുഭവത്തിനായി കാത്തിരിക്കൂ. സിനിമയുടെ പ്രൊമോഷൻ പരിപാടികളടക്കം ഉടൻ ആരംഭിക്കാനായി ഇരിക്കുകയുമാണ്” പീപ്പിൾ മീഡിയ ഫാക്ടറി അറിയിച്ചിരിക്കുകയാണ്.

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും എന്നാണ് ലഭിക്കുന്ന സൂചനകൾ.

പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: