Breaking NewsIndiaLead NewsNEWS

കോടതി ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു; കുട്ടി ഇന്ന് ടിസി വാങ്ങില്ല, ഹിജാബ് വിവാദത്തിൽ പുതിയ തീരുമാനം

കൊച്ചി: പള്ളുരുത്തി സെന്റ്‌ റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കുട്ടി ഇന്ന് ടിസി വാങ്ങില്ല. ഹൈക്കോടതി തീർപ്പുകൽപിക്കും വരെ ടി സി വാങ്ങില്ലെന്ന് അഭിഭാഷകൻ അമീൻ ഹസൻ പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാവുന്ന സാഹചര്യമുണ്ട്. പക്ഷേ സാമൂഹിക സംഘർഷം ഉണ്ടാക്കാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ കോടതി ഉത്തരവിന് കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. കോടതി ഉത്തരവ് വന്നാലും മാനേജ്മെൻ്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കുട്ടിക്ക് സ്കൂളിൽ പോകാൻ കഴിയാതെ വരും. സമവായത്തിൻ്റെ അന്തരീക്ഷം ഉണ്ടായാൽ മാത്രമേ കുട്ടി അതേ സ്കൂളിൽ തുടർന്ന് പഠിക്കൂവെന്നും അഡ്വ. അമീൻ ഹസൻ കൂട്ടിച്ചേർത്തു. ഈവരുന്ന വെള്ളിയാഴ്ചയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

അതേസമയം, തുടർച്ചയായ അവധിക്ക് ശേഷം സ്കൂൾ ഇന്ന് തുറക്കും. സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥിയെ പുറത്തുനിർത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരിൽ കുട്ടിയെ ക്ലാസിൽ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞത്.

Signature-ad

സ്‌കൂൾ നിയമങ്ങൾ പാലിച്ച് വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ തയ്യാറാണെന്നായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്. എന്നാൽ വിദ്യാർത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്നായിരുന്നു പിതാവ് അറിയിച്ചിരുന്നത്. സ്‌കൂളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും പിതാവ് അറിയിച്ചിരുന്നു. പന്നീടാണ് നിലപാട് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: