Breaking NewsIndiaLead NewsNEWSNewsthen Specialpolitics

കൂടുതൽ സീറ്റുകൾക്ക് വേണ്ടിയുള്ള എൽജെപി സമ്മർദ്ദം, നിതീഷ് കുമാറാകട്ടെ ഇതുതല മൂർച്ചയുള്ള വാൾ, തിര‌ഞ്ഞെ‌ടുപ്പിന് ആഴ്ചകൾ ശേഷിക്കേ ബീഹാറിൽ ബിജെപിക്ക് തലവേദനയായി സീറ്റ് വിഭജനം

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6നും നവംബർ 11 നുമായി നടക്കുമെന്നും വോട്ടെണ്ണൽ നവംബർ 14 ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബീഹാറിലെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി വലിയ പൊട്ടിത്തെറികൾ ഉണ്ടാവുന്നു എന്ന വാർത്തകൾ ബിജെപി നേതൃത്വത്തിന് ചില്ലറ തലവേദന അല്ല സൃഷ്ടിക്കുന്നത്. ബീഹാറിൽ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങുന്ന ബിജെപിയെ പിന്നോട്ട് വലിക്കുന്നതാണ് മുന്നണിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ. വോട്ട് അധികാർ യാത്രയുമായി രാഹുൽ ഗാന്ധി വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ബീഹാറിന്റെ മണ്ണിൽ തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ മുന്നണിക്കുള്ളിൽ അരങ്ങേറുന്ന ആഭ്യന്തര കലഹം ബിജെപിയെ വല്ലാതെ വലയ്ക്കുകയാണ്.

എൻഡിഎ മുന്നണിയിലെ പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ അനുസരിച്ച് ജെഡിയു ബിജെപി എന്നീ പാർട്ടികൾ യഥാക്രമം 107 സീറ്റിലും 105 സീറ്റിലും മത്സരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ബാക്കിയുള്ള 31 സീറ്റുകൾ സഖ്യകക്ഷികൾക്ക് വീതിച്ചു നൽകാനായിരുന്നു ഇരു പാർട്ടികളുടെയും തീരുമാനം. എന്നാൽ തങ്ങൾക്ക് 40 മുതൽ 54 വരെ സീറ്റുകൾ വേണമെന്ന ആവശ്യം ചിരാഗ് പസ്വാന്റെ എൽജെപി മുന്നോട്ടുവച്ചതോടെയാണ് എൻഡിഎ മുന്നണിയിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത പക്ഷം പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്കൊപ്പം ചേർന്ന് മത്സരിക്കുമെന്ന് എൽജെപി നിലപാടെടുത്തതായും ബീഹാറിൽ നിന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ലോക്സഭാ സീറ്റുകൾ ഉള്ള എൽജെപിയുടെ ആവശ്യത്തെ എളുപ്പത്തിൽ നിരാകരിക്കാൻ ഉള്ള രാഷ്ട്രീയ ശക്തി കേന്ദ്രത്തിലോ ബീഹാറിലോ ബിജെപിക്ക് ഇല്ല. കേന്ദ്രമന്ത്രി കൂടിയായ എൽജെപി നേതാവ് ചിരാഗ് പാസ്വാൻ കൂടുതൽ സീറ്റുകൾ എന്ന ആവശ്യത്തിനായി ശക്തമായി വാദിക്കുമ്പോൾ ഒരു തീരുമാനമെടുക്കാൻ പറ്റാതെ ബിജെപി കുഴയുകയാണ്. തിരഞ്ഞെടുപ്പ് തോറ്റാൽ നിതീഷ് കുമാർ മറുകണ്ടം ചാടുകയും, ആ ചാട്ടം കേന്ദ്രസർക്കാരിനെ വലിച്ച് താഴെ ഇടുകയും ചെയ്യുമെന്ന അഭ്യൂഹങ്ങൾക്ക് ബീഹാറിൽ മുഴങ്ങി കേൾക്കുന്നതിനിടെയാണ് ചിരാഗ് പാസ്വാന്റെ പാർട്ടി സീറ്റ് വിഭജനത്തിൽ ഇടന്നുനിൽക്കുന്നത്.

Signature-ad

ബിജെപിക്ക് ബീഹാർ തിരഞ്ഞെടുപ്പ് കേവലം ഒരു നിയമസഭാ തിരഞ്ഞെടുപ്പ് മാത്രമല്ല. ബീഹാർ തിരഞ്ഞെടുപ്പ് ഫലവും അതുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന രാഷ്ട്രീയ മാറ്റങ്ങളും മൂന്നാം മോദി സർക്കാരിനെ ബാധിക്കാൻ ഇടയുണ്ടെന്ന തിരിച്ചറിവ് ബിജെപിക്ക് ഉണ്ട്. അതുകൊണ്ടുതന്നെ നിതീഷ് കുമാറിനെ ഒപ്പം നിർത്തി ബീഹാർ ജയിക്കുക എന്നത് ബിജെപിക്ക് ജീവവായു പോലെ പ്രധാനമാണ്. ഈ പ്രതിസന്ധികൾക്ക് ഇടയിലാണ് എൽജെപിയുടെ കൂടുതൽ സീറ്റുകൾക്ക് വേണ്ടിയുള്ള സമ്മർദ്ദം. നിതീഷ് കുമാറിനെയോ ചിരാഗ് പാസ്വാനയോ വെറുപ്പിക്കാൻ ബിജെപിക്ക് കഴിയുകയില്ല. ബീഹാറിലെ എൻഡിഎ മുന്നണി സീറ്റ് വിഭജനം ഒരുപക്ഷേ ദേശീയ രാഷ്ട്രീയത്തെ പോലും പിടിച്ചു കുലുക്കിയേക്കാം എന്നതാണ് സ്ഥിതി.

ബീഹാറിലെ രാഷ്ട്രീയകാലാവസ്ഥയും ബിജെപിക്ക് അത്ര അനുകൂലമല്ല. രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വോട്ട് ചോരി വിഷയം ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ളത് ബീഹാറിൽ ആണ്, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ വലിയ രീതിയിൽ പങ്കാളികളായത് തിരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധീനിച്ചേക്കാം എന്ന വിലയിരുത്തലുകളും രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. തേജസ്വി യാദവ് എന്ന യുവ നേതാവും, പ്രശ്നങ്ങളില്ലാതെ അവസാനങ്ങളിലേക്ക് എത്തുന്ന ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനവും എല്ലാം തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ഇന്ത്യ മുന്നണിക്ക് മുൻതൂക്കം നൽകുന്നവയാണ്. ബീഹാറിൽ നിന്നുള്ള വാർത്തകൾ പ്രകാരം ഇന്ത്യ മുന്നണിയിലെ സീറ്റ് ധാരണ ഈ വിധമാണ്: തേജസ്വി യാദവിന്റെ ആർജെഡി 130 പരം സീറ്റുകളിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് 60 ഓളം സീറ്റുകളിൽ ആവും മത്സരിക്കുക. ബാക്കിയുള്ള സീറ്റുകളിൽ ഇടതു പാർട്ടികളും വിഐപി പാർട്ടിയും മത്സരിക്കും. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വോട്ട് ചോരി മുതൽ ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തെ വരെ സ്വാധീനിക്കും എന്നതിനാൽ തന്നെ കോൺ​ഗ്രസും ഇന്ത്യ മുന്നണിയും വളരെ വലിയ മുന്നൊരുക്കങ്ങളുടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.

അതേസമയം ബീഹാറിലെ എസ് ആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ചേർക്കപ്പെട്ടിട്ടുള്ള വോട്ടർമാർ കരട് പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരാണോ, അതോ പൂർണ്ണമായും പുതിയ വോട്ടർമാരാണോ എന്ന ആശയക്കുഴപ്പമുണ്ടെന്ന് കോടതി വാക്കാൽ പരാമർശിക്കുകയായിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ നൽകണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വോട്ടർ പട്ടിക വൃത്തിയാക്കുന്നതിനു പകരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണം ആയെന്നും സുതാര്യത ഇല്ലാതായെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ആരോപിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കോൺഗ്രസ്സും കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാൻ കേവലം ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ബീഹാറിലെ വോട്ടർ പട്ടികയിൽ ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

ഒരുപക്ഷേ സമകാലിക ഇന്ത്യയിൽ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനും ലഭിക്കാത്ത പ്രാധാന്യം ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ലഭിക്കുന്നുണ്ട്. ബീഹാർ തിരഞ്ഞെടുപ്പ് വിധി കേന്ദ്രസർക്കാരിനെ, താഴെ ഇറക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ബീഹാർ തിരഞ്ഞെടുപ്പിലേക്ക് ലഭിക്കാൻ കാരണം. അതോടൊപ്പം തന്നെ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർത്തിയ ആരോപണങ്ങളെ രാജ്യം എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ വിലയിരുത്തൽ കൂടിയാകും ബീഹാറിന്റെ വിധിയെഴുത്ത്. ബീഹാറിൽ നടപ്പിലാക്കിയ എസ്ഐആർ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും എന്നതും ഒരു വലിയ ചോദ്യമാണ്, രാജ്യ വ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ബീഹാറിലെ എസ്ഐആർ വിവാദങ്ങൾക്ക് രാഷ്ട്രീയപരമായി വളരെ വലിയ പ്രാധാന്യമുണ്ട്.

ഒരു തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ കടമ്പ സീറ്റ് വിഭജനമാണ്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള എൻഡിഎ മുന്നണിയിലെ തർക്കങ്ങൾ ബിജെപിക്ക് നെഞ്ചിടിപ്പു കൂട്ടുമ്പോൾ ഇന്ത്യ മുന്നണിക്ക് സമ്മാനിക്കുന്നത് പ്രതീക്ഷകളാണ്. സീറ്റ് വിഭജനത്തിൽ പിഴച്ചാൽ ബാക്കിയുള്ളതൊക്കെയും പിഴയ്ക്കും എന്ന ഭയം സ്വാഭാവികമായും ബിജെപിക്ക് ഉണ്ടാകും. ഈ രാഷ്ട്രീയ പ്രതിസന്ധിയെ ബിജെപി എങ്ങനെ മറികടക്കുമെന്ന് കണ്ടുതന്നെ അറിയണം. എന്തായാലും രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ നവംബർ 14 ലേക്കാണ്. ബീഹാറിലെ ജനങ്ങൾ എന്താണ് ഇന്ത്യൻ രാഷ്ട്രീയത്തിനായി കരുതി വെച്ചിട്ടുള്ളത് എന്ന് നവംബർ 14ന് അറിയാം…

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: