ഇസ്രയേല്‍- ഹമാസ് ചര്‍ച്ചയ്ക്ക് ഈജിപ്റ്റില്‍ തുടക്കം; ആയുധം താഴെ വയ്ക്കില്ലെന്ന പിടിവാശിയുമായി ഹമാസ്; ഇസ്രായേല്‍ പിന്‍മാറണമെന്നും ആവശ്യം; കരാറിന്റെ ആദ്യഘട്ടം വേഗത്തിലാക്കണമെന്ന് ട്രംപ്; നെതന്യാഹുവിനെ തെറിവിളിച്ചെന്നും റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഗാസ പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിനോടുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തില്‍ യു.എസിന് രോഷം. നെതന്യാഹുവുമായുള്ള സ്വകാര്യ ഫോണ്‍ സംഭാഷണത്തിനിടെ ഇക്കാര്യത്തില്‍ ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രിയെ തെറിവിളിച്ചു എന്നാണ് വിവരം.
ട്രംപ് 20 ഇന ഗാസ പദ്ധതിയില്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ ട്രംപുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിന്റെ തീരുമാനം ഒന്നുമല്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതോടെ ദേഷ്യത്തോടെ ട്രംപ് തെറിവിളിച്ചു എന്നാണ് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതൊന്നും ആഘോഷിക്കാനുള്ളതല്ല, ഇതൊന്നും ഒരു അര്‍ഥവുമില്ല എന്നാണ് നെതന്യാഹു ട്രംപിനോട് പറഞ്ഞത്. നിങ്ങളെന്തിനാണ് എപ്പോഴും നെഗറ്റീവായി സംസാരിക്കുന്നത് എന്നാണ് ട്രംപ് ഇതിന് മറുപടിയായി പറഞ്ഞത്. തെറിവാക്ക് കൂടിചേര്‍ത്തായിരുന്നു ട്രംപിന്റെ സംസാരം. ഇതൊരു വിജയമാണെന്നും ട്രംപ് ഫോണ്‍ കോളിനിടെ പറഞ്ഞു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ആക്സിയോസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബന്ദി മോചനം എന്ന ഹമാസ് പ്രഖ്യാപനം അംഗീകരിക്കാന്‍ നെതന്യാഹു തയ്യാറായിട്ടില്ല. ഹമാസിന്റെ പ്രഖ്യാപനം ട്രംപിന്റെ ഗാസ പദ്ധതിയെ നിരാകരിക്കുന്നതാണെന്നാണ് നെതന്യാഹുവിന്റെ വാദം. ഇക്കാര്യം നെതന്യാഹു സ്വകാര്യ യോഗങ്ങളില്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഇസ്രായേല്‍- ഹമാസ് ചര്‍ച്ച ഈജിപ്റ്റില്‍ അനൗദ്യോഗികമായി ആരംഭിച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ പിന്‍മാറ്റവും ഹമാസിന്റെ നിരായുധീകരണവും തുടര്‍ച്ചയായി ഇരുപക്ഷവും ആവശ്യപ്പെടുന്നതാണ് ചര്‍ച്ച മുന്നോട്ടു പോകാതിരിക്കുന്നതിനുള്ള കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ കരാറിനോട് ഹമാസും ഇസ്രയേലും തത്വത്തില്‍ അനുകൂല നിലപാടിലാണുള്ളത്. മെല്ലെയാണെങ്കിലും ഇരുപക്ഷവും കരാറിലേക്ക് അടുക്കുമെന്നാണു കരുതുന്നതെന്നു ട്രംപിന്റെ നിരീക്ഷകരും ചൂണ്ടികാട്ടുന്നു.
എന്നാല്‍, വേഗത്തില്‍ കരാറിലേക്ക് എത്തണമെന്നാണു ട്രംപിന്റെ നിലപാട്. ഈ ആഴ്ചതന്നെ കരാറിന്റെ ആദ്യഘട്ടത്തിനു തീരുമാനമാകണം. ഇതിന്റെ ഭാഗമായിട്ടാണ് ബോംബിംഗ് നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടത്. ഷാം എല്‍ ഷെയ്ഖിലെ റെഡ് സീ റിസോര്‍ട്ടിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ഈജിപ്ഷ്യന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.
ആത്യന്തികമായി ട്രംപ് സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി ഇസ്രയേലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുമാണെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്റെ ഗാസ പ്ലാന്‍ ഹമാസ് പൂര്‍ണമായും നിരസിക്കും എന്നാണ് ട്രംപ് പ്രതീക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹമാസിന്റെ പ്രതികരണം സ്വാഗതം ചെയ്ത ട്രംപ് ഗാസയില്‍ ബോംബാക്രമണം നിര്‍ത്താന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.






