15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി ; കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ബിജോലിയ പ്രദേശത്തുള്ള സീതാ കാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള വനത്തില്‍ നിന്നും 15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു.
വനത്തിലൂടെ കന്നുകാലികളെ മേയ്ക്കാന്‍ പോയ ഒരാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. അയാള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭില്‍വാരയിലെ മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലെ ബിജോലിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
സീതാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള റോഡരികിലെ വനമേഖലയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തെ ആശുപത്രികളിലെ പ്രസവ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം, വനത്തില്‍ കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ഇടയനാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പാറകള്‍ക്കിടയില്‍ ഒരു നവജാതശിശു കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. തുടര്‍ന്ന്, അയാള്‍ അടുത്തുള്ള ഗ്രാമവാസികളെ വിവരമറിയിക്കുകയും, അവര്‍ ബിജോലിയ പോലീസിനെ അറിയിക്കുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി, പാറകള്‍ക്കിടയില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ചു. തുടര്‍ന്ന് ചികിത്സയ്ക്കായി കുഞ്ഞിനെ ബിജോലിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ വായിലും തുടയിലും പശയുടെ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മെച്ചപ്പെട്ടുവരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശരീരത്തിന്റെ ഇടതുഭാഗത്ത് ചൂടുള്ള പാറകളില്‍ നിന്ന് പൊള്ളലേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.






