രാഹുലിന്റെ വോട്ടുമോഷണ ആരോപണത്തെ പ്രതിരോധിക്കാൻ സോണിയ ഗാന്ധിയെ മുൻ നിർത്തി ബിജെപി നടത്തിയ ഇന്ത്യൻ പൗരത്വ ആരോപണവും എട്ടുനിലയിൽ പൊട്ടി!! സോണിയയ്ക്കെതിരെയുള്ള ബിജെപിയുടെ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല…

അങ്ങനെ ബിജെപി പറഞ്ഞു നടന്ന ഒരു കള്ള കഥയ്ക്ക് കൂടി തിരശ്ശീല വീണിരിക്കുന്നു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരെ തെളിവുകൾ സഹിതം വോട്ടുമോഷണം ആരോപിച്ചപ്പോൾ ബിജെപി അതിനെ നേരിട്ടത് സോണിയ ഗാന്ധിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു. ഈ വ്യാജ ആരോപണം ഉന്നയിച്ചത് മുൻ കേന്ദ്രമന്ത്രിയും നിലവിലെ ബിജെപി എംപിമാരായ അനുരാഗ് താക്കൂറായിരുന്നു. അനുരാഗ് താക്കൂർ തന്റെ പത്രസമ്മേളനത്തിൽ ആരോപിച്ചത് 1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് എന്നാൽ 1980 – 82 കാലയളവിൽ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നു എന്നാണ്. രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ക്യാമ്പയിൻ എതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമായിരുന്നു അനുരാഗ് താക്കൂറിന്റെ ഈ ആരോപണം.
ബിജെപിയുടെ ഈ കള്ളക്കഥയ്ക്ക് വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം ലഭിച്ചത്. സോണിയ ഗാന്ധിക്കെതിരെ ബിജെപി ഉന്നയിച്ച ഈ ആരോപണം ഏറ്റുപിടിച്ചുകൊണ്ട് വികാസ് ത്രിപാഠി എന്ന അഡ്വക്കേറ്റ് സോണിക്ക് എതിരെ കോടതിയെ സമീപിച്ചിരുന്നു. ബിജെപി ഉന്നയിച്ചത് പോലെ 1980ൽ സോണിയ ഗാന്ധിയുടെ പേര് ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നു, എന്നാൽ 1983 ലാണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ വ്യാജ രേഖകൾ ഉപയോഗിച്ചാണ് സോണിയ ഗാന്ധി 1980ൽ വോട്ടർപട്ടികയിൽ ഇടംപിടിച്ചതെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാന ആരോപണങ്ങൾ.
ഈ വിഷയത്തിൽ സോണിയ ഗാന്ധിയുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണം എന്നും പരാതിക്കാരൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി സോണിയ ഗാന്ധിക്കെതിരെയുള്ള ഈ ഹർജി തള്ളുകയായിരുന്നു. ചുരുക്കം പറഞ്ഞാൽ ബിജെപി കെട്ടിപ്പൊക്കി ഉണ്ടാക്കിയ കള്ളക്കഥ ഒറ്റ നിമിഷം കൊണ്ട് തകർന്നു തരിപ്പണമായി. കോടതി സോണിയ ഗാന്ധിക്ക് എതിരായ ഹർജി തള്ളിയത് സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴച്ചു കൊണ്ട് വോട്ട് മോഷണത്തിൽ നിന്നും രാജ്യത്തിന്റെ ശ്രദ്ധ വഴി തിരിച്ചുവിടാനുള്ള ബിജെപിയുടെ പദ്ധതിയ്ക്ക് ഏറ്റ വലിയ തിരിച്ചടിയാണ്.
സോണി ഗാന്ധിയെ വ്യക്തിപരമായും രാഷ്ട്രീയപരമായും ആക്രമിക്കുന്ന ബിജെപിയുടെ രീതി ഇന്നും ഇന്നലെ തുടങ്ങിയതല്ല. സോണിയ ഗാന്ധിയെ ഇന്ത്യയുടെ മകളായി രാജീവ് വിവാഹം കഴിച്ച് കൊണ്ടുവന്നത് മുതൽ സംഘപരിവാർ സോണിയ ഗാന്ധിക്കെതിരെ നെറികെട്ട ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതാണ്. അതിന്നും അവർ തുടർന്നു പോരുന്നു എന്നുമാത്രം. രാഹുൽ ഗാന്ധിയുടെ ആരോപണത്തെ ഇല്ലാതെയാക്കാൻ സജീവ രാഷ്ട്രത്തിൽ നിന്നും മെല്ലെ പിന്നിലേക്ക് മാറുന്ന, ആരോഗ്യ പ്രശ്നങ്ങളും പ്രായത്തിന്റെതായ ബുദ്ധിമുട്ടുകളും നേരിടുന്ന സോണിയ ഗാന്ധിക്ക് നേരെ നുണകൾ നിർമ്മിച്ചുകൊണ്ട് രാഷ്ട്രീയമായി ആക്രമിക്കാൻ മുതിരുന്ന ബിജെപിയുടെ രാഷ്ട്രീയത്തെ ഓർത്ത് ഈ രാജ്യം തല താഴെത്തേണ്ടിയിരിക്കുന്നു.
രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണത്തിനെതിരെ ബിജെപി കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ഓരോന്നായി പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് ഈ രാജ്യം സാക്ഷ്യം വഹിച്ചത്. അതിൽ ബിജെപി ഏറ്റവും വലിയ രീതിയിൽ കൊട്ടിഘോഷിച്ച സോണിയ ഗാന്ധിയുടെ വോട്ടർ പട്ടികയിലെ വ്യാജമായി ചേർത്ത പേര് എന്ന ആരോപണവും ഇതോടെ ഇവിടെ അവസാനിക്കുന്നു.1989 സോണിയ ഗാന്ധി വോട്ട് ചെയ്യുന്ന ഇന്ത്യ ടുഡേ പകർത്തിയ ചിത്രത്തെ 1980 ൽ പൗരത്വം ഇല്ലാതെ സോണിയ ഗാന്ധി വോട്ടു ചെയ്യുന്ന ദൃശ്യമായി ചിത്രീകരിച്ചുകൊണ്ട് പോലും ബിജെപി ഹാൻഡുലികൾ വലിയ നുണ പ്രചാരണങ്ങൾ നടത്തി. ഒന്നില്ലാതെ ബിജെപിയുടെ ആരോപണങ്ങളെല്ലാം അസത്യം ആണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇനി രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തെ ബിജെപി നേരിടാൻ പോകുന്നത്? സത്യം പറഞ്ഞുകൊണ്ട് ഈ വിഷയത്തിൽ പിടിച്ചുനിൽക്കാൻ ആകില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണോ ബിജെപി ഇത്തരം നുണപ്രചാരണങ്ങളുമായി മുന്നോട്ടുപോകുന്നത് ? സോണിയ ഗാന്ധിക്കെതിരായ ഹർജി ഡൽഹിയിലെ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെ ബിജെപി വലിയ രീതിയിൽ പ്രതിരോധത്തിൽ ആയിട്ടുണ്ട് എന്ന് വേണം പറയാൻ.
രാഹുൽ ഗാന്ധി വോട്ടർ പട്ടിക മുൻനിർത്തി വോട്ട് മോഷണത്തെപ്പറ്റി രാജ്യത്തോട് സംസാരിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം നൽകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ രാഹുൽ ഗാന്ധി ഉന്നയിച്ചതിന് സമാനമായ രീതിയിൽ എന്നാൽ പൊള്ളയായ ആരോപണങ്ങൾ ഉന്നയിച്ച അനുരാഗ് താക്കൂറിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടില്ല എന്നത് മറ്റൊരു കൗതുകമായ കാര്യം. റഫറി ഒരു ടീമിനു വേണ്ടി കളിക്കുന്ന സ്ഥിതിവിശേഷമാണ് ഈ രാജ്യത്തുള്ളത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ പണ്ഡിതർ പരിഹസിക്കുന്നതിനുള്ള കാരണങ്ങളിലൊന്നും ഇതുതന്നെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് രാഹുൽഗാന്ധി മുന്നോട്ടു വരുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സംരക്ഷിക്കാനായി ബിജെപി എന്തിനാണ് ഇത്തരത്തിൽ കള്ളക്കഥകളും വ്യാജ ആരോപണങ്ങളും സൃഷ്ടിക്കുന്നത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. രാഹുൽ ഗാന്ധി ആരോപിക്കുന്നത് പോലെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബിജെപിക്ക് ഒത്തുകളി ഇല്ലെങ്കിൽ ബിജെപിയും തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ സുതാര്യമാക്കേണ്ടതുണ്ട് എന്നതല്ലേ ഉന്നയിക്കേണ്ടത്? അല്ലാതെ മറു വശത്ത് കോൺഗ്രസിനെതിരെ ഇത്തരം ഉണ്ടയില്ലാ വെടികൾ പ്രയോഗിക്കുകയല്ലല്ലോ വേണ്ടത്. ബിജെപിയുടെ ഈ വിഷയത്തിലെ ഇടപെടലുകളും ഒളിച്ചുകളിയും രാഹുൽഗാന്ധിയുടെ ആരോപണങ്ങളെ കൂടുതൽ ശരിവെക്കുകയാണെന്ന് പറയേണ്ടിവരും.
കോടതി സോണി ഗാന്ധിക്കെതിരായ ഹർജി തള്ളിയതോടെ രണ്ടു കാര്യങ്ങൾക്ക് കുറേക്കൂടി വ്യക്തത വന്നിട്ടുണ്ട്. അതിൽ ആദ്യത്തേത് വോട്ട് മോഷണ വിവാദത്തെ ബിജെപി നേരിട്ടത് അസത്യങ്ങളും നുണകളും കൊണ്ടായിരുന്നു എന്നത് ഇതോടെ രാജ്യത്തിന് പൂർണ്ണമായും ബോധ്യമായി. അതുപോലെ സോണിയ ഗാന്ധിയോടുള്ള ബിജെപിയുടെ പക കൊല്ലങ്ങൾ ഇത്ര കഴിഞ്ഞിട്ടും മാറിയിട്ടില്ല എന്നും ആരോപണങ്ങൾ നമ്മോട് പറയുന്നു. മതപരമായും ജാതീയമായും ഈ രാജ്യത്തെ വിഭജിക്കുന്നവരിൽ നിന്ന് ഈ രാജ്യത്തെ രക്ഷിക്കണം അതിനായി ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നു പറഞ്ഞ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വന്ന സോണിയ ഗാന്ധിയെ സംഘപരിവാർ എതിർക്കുന്നതിലോ ആക്രമിക്കുന്നതിലോ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ ഇവിടെയും തെളിയിക്കപ്പെടുന്നത് സത്യം ജയിക്കും എന്ന് തന്നെയാണ്. അതുകൊണ്ടാണല്ലോ സോണിയ ഗാന്ധിക്കെതിരായ ബിജെപി നടത്തിയ ഏറ്റവും ഒടുവിലത്തെ നുണപ്രചരണവും പൊളിഞ്ഞു വീണത്.
കോൺഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിലംപരിശ് ആയിരിക്കുന്നു. ബീഹാറിൽ രാഹുൽ ഗാന്ധി നടത്തിയ യാത്രയ്ക്ക് വലിയ ജനപിന്തുണ ലഭിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് വോട്ട് മോഷണത്തിന്റെ കഥകൾ പുറത്തുവരുന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ യുവാക്കൾ വോട്ട് മോഷണത്തിനെതിരെ ശബ്ദമുയർത്തുന്നു. രാഹുലിനോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനത്തെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ വിമർശിക്കുന്നു. മഹാരാഷ്ട്രയിൽ ഉൾപ്പെടെ ബിജെപി നേടിയ വിജയത്തെ രാജ്യം സംശയത്തോടെ നോക്കി കാണുന്നു. ചുരുക്കം പറഞ്ഞാൽ എന്തുചെയ്യണമെന്നോ, എന്ത് പറയണമെന്നോ അറിയാതെ ബിജെപി പൂർണമായും പ്രതിരോധത്തിലാണ്. ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം കൂടി ബിജെപിക്ക് എതിരായാൽ ബിജെപിയെ കാത്തിരിക്കുന്നത് ചിന്തിക്കാൻ കൂടി കഴിയാത്തത്ര വലിയ രാഷ്ട്രീയ പതനമാണ്.






