രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്ത്യന്‍ മാനേജറെ ഓടിച്ചിട്ടുകുത്തി വീഴത്തി, തലയറുത്തു; അരുംകൊല കുടുംബാംഗങ്ങളുടെ കണ്മുന്പില്, ഡാലസിലെ മോട്ടല്‍ കൊലപാതകത്തില്‍ നടുക്കം

ഡാലസ്: യു.എസില്‍ മോട്ടല്‍ മാനേജറായ ഇന്ത്യക്കാരന്റെ തലയറുത്തത് ഭാര്യയുടേയും മകന്റെയും കണ്മുന്പില് വച്ച്. അരുംകൊലയുടെ ഞെട്ടല്‍ വിട്ടുമാറാതെ കുടുംബവും പ്രദേശവാസികളും. അന്‍പതുകാരനായ ചന്ദ്ര നാഗമല്ലയ്യയെ മോട്ടലിലെ മറ്റൊരു ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസ് (37) ആണ് തലയറുത്ത് കൊലപ്പെടുത്തിയത്.
ഡൗണ്‍ ടൗണ്‍ സ്യൂട്ട്സ് മോട്ടലിലായിരുന്നു സംഭവം. ടെക്സാസിലെ ടെന്‍സണ്‍ ഗോള്‍ഫ് കോഴ്സില്‍നിന്നു 30 കിലോ മീറ്റര്‍ അകലെയാണ് സംഭവം നടന്ന സ്ഥലം. മാര്‍ട്ടിനെസും ജീവനക്കാരികളിലൊരാളും മുറി വൃത്തിയാക്കുന്നതിനിടെ മാനേജര്‍ ആയ ചന്ദ്ര നാഗമല്ലയ്യ എത്തുകയും ജീവനക്കാരിയോട് വാഷിങ് മെഷീന് കേടാണെന്നും അത് ഉപയോഗിക്കരുതെന്ന് മാര്‍ട്ടിനെസിനോട് പറയാനും നിര്‍ദേശിച്ചു. എന്നാല്‍, ജീവനക്കാരിയോട് അല്ല തന്നോട് നേരിട്ടാണ് പറയേണ്ടതെന്നും മാര്‍ട്ടിനെസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടാകുകയയും മാര്‍ട്ടിനെസ്, നാഗമല്ലയ്യയെ കടന്നാക്രമിക്കുകയായിരുന്നു.
കത്തിയെടുത്ത് മാര്‍ട്ടിനെസ് പാഞ്ഞടുത്തതോടെ നാഗമല്ലയ്യ പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്ന്ന് പല തവണ കുത്തി. ഇയാളെ പിന്തിരിപ്പിക്കാന് നാഗമല്ലയ്യയുടെ ഭാര്യയും മകനും ശ്രമിച്ചെങ്കിലും ഇരുവരെയും തള്ളിയിട്ട ശേഷം മാര്‍ട്ടിനെസ്, നാഗമല്ലയ്യയുടെ തല അറുക്കുകയായിരുന്നു. അറുത്തെടുത്ത തല മോട്ടലിലെ പാര്‍ക്കിങ് ഏരിയയിലെ മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഡാലസ് ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.
കൊലപാതകക്കുറ്റം ചുമത്തി പ്രതി മാര്‍ട്ടിനസിനെ ഡാലസ് കൗണ്ടി ജയിലില്‍ അടച്ചു. പ്രതിയുടെ പേരില്‍ നേരത്തെ ഫ്ലോറിഡയിലും ഹൂസ്റ്റണിലും ക്രിമിനല്‍ കേസുകളുണ്ടായിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുശോചനം അറിയിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.






