സതീശന്‍ പറഞ്ഞ ബോംബില്‍ ഒന്നോ ഇത്? ‘രാഹു ലീല’കള്‍ക്കിടെ ബിജെപിയും പ്രതിരോധത്തില്‍; പരാതി പുറത്തുവിട്ടത് ‘ഡാമേജ് കണ്‍ട്രോളി’നെന്ന് സംശയം

കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിയുമായ സി. കൃഷ്ണകുമാറിനെതിരേ പാര്‍ട്ടിയില്‍ പീഡന പരാതിയെത്തിയിരിക്കുകയാണ്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതി പ്രവാഹങ്ങള്‍ ഏറ്റെടുത്ത് ബിജെപി സമരരംഗത്ത് സജീവമാകുമ്പോഴാണ് സി. കൃഷ്ണകുമാറിനെതിരെയും സ്ത്രീപീഡന പരാതി ഉയര്‍ന്നിരിക്കുന്നത്.
രാഹുലിനെ രാജിവെപ്പിക്കാന്‍ പാലക്കാട്ട് ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച കൃഷ്ണകുമാറിനെതിരായ പരാതി സ്ഥിരീകരിക്കപ്പെടുകയും അത് വാര്‍ത്തയായി വരുകയും ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി. പാലക്കാട് എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ രാജിവെയ്ക്കുംവരെ പ്രതിഷേധമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഹ്വാനം ചെയ്ത വ്യക്തിക്കെതിരേ തന്നെ സമാനമായ ആരോപണം ഉയര്‍ന്ന സ്ഥിതിക്ക്, രാഹുലിനെതിരായ ബിജെപിയുടെ പ്രതിഷേധങ്ങളെ ഇത് ബാധിക്കുമെന്നുറപ്പാണ്.
രാഹുലിന്റെ പക്കല്‍ കെപിസിസി നേതാക്കളുടെ പല കഥകളുമുണ്ടെന്നും അതുവെച്ച് രാഹുല്‍ വിലപേശുകയാണെന്നുമാണ് കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നത്. ആ കഥകള്‍ പുറത്തുവിടുമെന്ന രാഹുലിന്റെ ഭീഷണിക്ക് മുന്നില്‍ കെപിസിസി നേതാക്കള്‍ വഴങ്ങി. പാലക്കാട്ടെ സ്ത്രീകളെയും വോട്ടര്‍മാരെയും അപമാനിച്ച രാഹുല്‍ രാജിവെയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പറഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ അദ്ദേഹത്തിന് സ്വന്തം വാക്കുകളെ വിഴുങ്ങേണ്ട അവസ്ഥ വന്നിരിക്കുകയാണ്. എന്നാല്‍ പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.
കേരളം ഞെട്ടുന്ന വാര്‍ത്ത പുറത്തുവരാനുണ്ടെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. സതീശന്‍ പറഞ്ഞ ബോംബുകളിലൊന്നാണോ ഇപ്പോള്‍ പൊട്ടിയതെന്ന് സംശയിക്കുന്നവരുണ്ട്. അങ്ങനെയെങ്കില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും വന്നേക്കും. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താന്‍ പ്രതിഷേധം നടത്തിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.
കേരളം ഞെട്ടുന്ന വാര്‍ത്ത ഉടന്‍ വരുമെന്നും സിപിഎം അധികം കളിക്കേണ്ട എന്ന മുന്നറിയിപ്പിനൊപ്പമാണ് ബിജെപിയും പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുത് വേണ്ടി വരും എന്ന് സതീശന്‍ ഇന്നലെ പറഞ്ഞത്. സതീശനോ കോണ്‍ഗ്രസോ അത് എന്താണെന്ന് വെളിപ്പെടുത്തും മുന്നെ ബിജെപി ക്യാമ്പില്‍ നിന്ന് തന്നെ പരാതിയുടെ സ്ഥിരീകരണം വരുന്നത്. കോണ്‍ഗ്രസ് ഈ വെളിപ്പെടുത്തല്‍ നടത്തുംമുന്‍പ് തന്നെ പരാതി വന്നിട്ടുണ്ടെന്ന വിവരം പുറത്തുവിട്ട് ഏല്‍ക്കുന്ന ആഘാതത്തിന്റെ തോത് കുറയ്ക്കാനാണോ ബിജെപി ശ്രമിച്ചത് എന്ന് സംശയിക്കുന്നവരുമുണ്ട്.
.






