Breaking NewsBusinessIndiaLead NewsNEWSTRENDING

തൊഴിലെടുക്കുന്നത് 900 പേര്‍; ബൈജൂസിന്റെ വഴിയില്‍ ഡ്രീം 11; ഓണ്‍ലൈന്‍ ഗെയിമുകള്‍ നിര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനു പിന്നാലെ ഒറ്റ രാത്രികൊണ്ട് നിലച്ചത് 95 ശതമാനം വരുമാനം; ക്രിക്കറ്റിനും തിരിച്ചടി

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നു ലോകമാകെ പടര്‍ന്നു പന്തലിക്കുകയും അവസാനം തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയും ചെയ്ത ബൈജൂസിന്റെ വഴിയില്‍ ഇന്ത്യയിലെ പ്രമുഖ ഗെയിമിംഗ് ആപ്ലിക്കേഷനായ ഡ്രീം 11. രണ്ടു കമ്പനികളുടെയും തകര്‍ച്ചയ്ക്കു പോലും സമാനതകളുണ്ട്. രണ്ടും സ്റ്റാര്‍ട്ടപ്പായി തുടങ്ങി പടര്‍ന്നു പന്തലിക്കുകയായിരുന്നു. കണ്ണടച്ചു തുറക്കുംമുമ്പേ വലിയ ആകാശങ്ങള്‍ കീഴടക്കിയ ബൈജൂസിനെ പോലെ തന്നെയായിരുന്നു ഡ്രീംഇലവന്റെയും ജൈത്രയാത്ര.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറായിരിക്കെ തകര്‍ച്ചയിലേക്ക് വീണ ബൈജൂസിന്റെ വഴിയെയാണ് ഡ്രീംഇലവനും. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സറായ ഈ ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷനും അതിജീവിക്കാന്‍ പുതിയ വഴി തേടുകയാണ്.

Signature-ad

നാശത്തിലേക്കുള്ള വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു ബൈജൂസ് ചെയ്തതെങ്കില്‍ ഡ്രീംഇലവന്റെ വീഴ്ച്ചയ്ക്ക് പിന്നില്‍ മറ്റ് കാരണങ്ങളാണ്. ഓണ്‍ലൈന്‍ മണിഗെയിമുകള്‍ക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഡ്രീംഇലവന് തിരിച്ചടിയായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,384.49 കോടി രൂപയായിരുന്നു ഡ്രീംഇലവന്റെ വരുമാനം. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധന.

പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍, 2025 പാര്‍ലമെന്റ് പാസാക്കിയതോടെ ഡ്രീംഇലവന്‍ പണം ഈടാക്കിയുള്ള ഗെയിമുകള്‍ നിര്‍ത്തിവച്ചു. ഒറ്റരാത്രികൊണ്ട് 95 ശതമാനം വരുമാനവും നിലച്ചെന്നാണ് ഡ്രീംഇലവന്‍ സ്ഥാപകനും സി.ഇ.ഒയുമായ ഹര്‍ഷ് ജെയിന്‍ പ്രതികരിച്ചത്. 2008ല്‍ ഭവിത് സേഥിനൊപ്പം ചേര്‍ന്നാണ് ഹര്‍ഷ് ഡ്രീംഇലവന് തുടക്കമിടുന്നത്.

വരുമാന സ്രോതസ് പെട്ടെന്ന് നിലച്ചെങ്കിലും തല്‍ക്കാലം ആരെയും പിരിച്ചു വിടില്ലെന്ന് ഹര്‍ഷ് ജെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. 900ത്തിലധികം ജീവനക്കാരാണ് ഡ്രീംഇലവനില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരെ കമ്പനിയുടെ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റി വിന്യസിക്കാനാണ് പദ്ധതി.

സ്പോര്‍ട്സ് മത്സരങ്ങള്‍ ഓണ്‍ലൈനായി സംപ്രേക്ഷണം ചെയ്യുന്ന ഫാന്‍കോഡ് (Fancode), ഡ്രീംസെറ്റ്ഗോ (DreamSetGo), ഡ്രീംഗെയിം സ്റ്റുഡിയോസ് (Dream Game Studios), ഡ്രീംമണി (Dream Money) എന്നിവ ഡ്രീംഇലവന്റെ മാതൃകമ്പനിയായ സ്പോര്‍ട്ട ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുണ്ട്.

അടുത്ത രണ്ടുവര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണലഭ്യത കമ്പനിക്കുണ്ടെന്നാണ് ജെയിന്റെ അവകാശവാദം. ഡ്രീം മണിയിലൂടെ ഫിനാന്‍ഷ്യല്‍ സെക്ടറിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു.

ഡ്രീംഇലവന്റെ വരുമാന സ്ത്രോതസ് അടഞ്ഞതോടെ ആഗോള തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പലതും മുടങ്ങുന്ന അവസ്ഥയിലാണ്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍. ഡ്രീംഇലവനില്‍ മത്സരങ്ങള്‍ നടത്തുന്നതിനായി നിരവധി തട്ടിക്കൂട്ട് മത്സരങ്ങള്‍ കമ്പനി സംഘടിപ്പിച്ചിരുന്നു.

ഇത്തരം മത്സരങ്ങള്‍ പലതും വാതുവയ്പ് സംഘങ്ങളുടെ നിയന്ത്രണത്തിലായിരുന്നുവെന്ന ആരോപണവും ഇടക്കാലത്ത് ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ അടക്കം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Back to top button
error: