Breaking NewsNEWSWorld

എയര്‍ കാനഡ ജീവനക്കാരുടെ 72 മണിക്കൂര്‍ പണിമുടക്ക് സമരം തുടരുന്നു: സര്‍വ്വീസ് വീണ്ടും പ്രതിസന്ധിയില്‍; 240 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ലൈന്‍

ടൊറന്റോ: എയര്‍ കാനഡ ജീവനക്കാരുടെ സമരം തുടരുന്നു. ജോലിയില്‍ തിരികെ പവേശിക്കാനുള്ള ലേബര്‍ ബോര്‍ഡിന്റെ ഉത്തരവ് ലംഘിച്ചതോടെ കാനഡയിലെ ഏറ്റവും വലിയ എയര്‍ലൈനിനെ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ വീണ്ടും പ്രതിസന്ധിയിലായി. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ആരംഭിച്ച സമരംമൂലം 700 ദൈനംദിന വിമാനങ്ങളില്‍ ഭൂരിഭാഗവും നിര്‍ത്തിവയ്ക്കുകയും 100,000-ത്തിലധികം യാത്രക്കാര്‍ക്ക് യാത്ര മുടങ്ങുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരം സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് തങ്ങളുടെ അംഗങ്ങളോട് ജോലിയിലേക്ക് മടങ്ങാനുള്ള കനേഡിയന്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡിന്റെ ഉത്തരവ് ലംഘിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആ പദ്ധതികളും റദ്ദാക്കി.

Signature-ad

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഏകദേശം 240 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ലൈന്‍ ഞായറാഴ്ച ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

10,000ത്തിലധികം എയര്‍ കാനഡ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളാണ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്. 72 മണിക്കൂര്‍ പണിമുടക്കാണ് ആരംഭിച്ചത്. എയര്‍ലൈനുമായുള്ള കരാറിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പണിമുടക്ക് ആരംഭിച്ചതെന്ന് കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് വക്താവ് ഹ്യൂ പൗലിയറ്റ് സ്ഥിരീകരിച്ചു. ശമ്പളത്തിന്റെ കാര്യത്തിലും വിമാനങ്ങള്‍ പറക്കാത്തപ്പോള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകള്‍ ചെയ്യുന്ന ശമ്പളമില്ലാത്ത ജോലിയുടെ കാര്യത്തിലും തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് പണിമുടക്കെന്ന് യൂണിയന്‍ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും വലിയ എയര്‍ലൈനാണ് എയര്‍ കാനഡ. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മധ്യസ്ഥതയില്‍ ഏര്‍പ്പെടാനുള്ള എയര്‍ലൈനിന്റെ ആവശ്യം യൂണിയന്‍ നിരസിച്ചതോടെയാണ് പണിമുടക്ക് ആരംഭിച്ചത്. ഫെഡറല്‍ ജോബ്‌സ് മന്ത്രി പാറ്റി ഹജ്ഡു വെള്ളിയാഴ്ച രാത്രി എയര്‍ലൈനുമായും യൂണിയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ ജോലി നിര്‍ത്തി സമരം ആരംഭിച്ചു.

പ്രതിദിനം 700 ഓളം വിമാന സര്‍വീസുകളാണ് എയര്‍ കാനഡ നടത്തുന്നത്. സര്‍വീസുകള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കാന്‍ ഒരു ആഴ്ച വരെ എടുത്തേക്കാമെന്ന് എയര്‍ കാനഡ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാര്‍ക്ക് നാസര്‍ പറഞ്ഞു. യാത്ര തടസ്സപ്പെട്ട യാത്രക്കാര്‍ക്ക് എയര്‍ലൈനിന്റെ വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ പൂര്‍ണ്ണമായ റീഫണ്ടിന് ആവശ്യപ്പെടാമെന്ന് എയര്‍ കാനഡ അറിയിച്ചു.

Back to top button
error: