Breaking NewsKeralaLead NewsNEWS

ബെവ്‌കോയ്ക്ക് സമീപം ‘ചാക്കില്‍ കെട്ടിയ മൃതദേഹ’മെന്ന് ഫോണ്‍; പോലീസ് പരിശോധനയില്‍ പൂസായ ‘ബോഡി’ക്ക് അനക്കം; ഒടുവില്‍ ഉപദേശിച്ച് പറഞ്ഞുവിട്ടു

എറണാകുളം: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന ഫോണ്‍ സന്ദേശം പോലീസിനെ വട്ടംകറക്കി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നഗരത്തിലെ ബെവ്കോ മദ്യവില്‍പ്പന ശാലയ്ക്കു പിന്നിലെ പാടശേഖരത്തിനുസമീപം ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരില്‍ ഒരാള്‍ പോലീസിനെ ഫോണില്‍ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് അതിഥിത്തൊഴിലാളികള്‍ തമ്പടിക്കുന്ന ബെവ്കോയ്ക്കു സമീപം പോലീസ് പാഞ്ഞെത്തി.

ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ‘മൃതദേഹത്തി’ന്റെ മുട്ടിനു കീഴെ കാലുകള്‍ മാത്രം പുറത്തുകാണാവുന്ന വിധത്തിലായിരുന്നു. ഉടന്‍ ആംബുലന്‍സും സ്ഥലത്തെത്തി. ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ‘ബോഡി’ക്ക് അനക്കം! പോലീസ് അമ്പരന്നു. തല മൂടിയിരുന്ന ചാക്ക് മാറ്റി ‘ബോഡി’ മുഖം കാണിച്ചു. മദ്യപിച്ച് ലക്കുകെട്ടതോടെ സമീപത്തുനിന്നുകിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേല്‍ക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു കക്ഷി.

Signature-ad

അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മുര്‍ഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് ചാക്കുകൊണ്ട് മേലാസകലം മൂടി പാടശേഖരത്തിനു സമീപം കിടന്ന് മയങ്ങിപ്പോയത്. പൊല്ലാപ്പായെങ്കിലും ‘കൊലപാതകമോ അജ്ഞാത ബോഡിയോ’ അല്ലെന്നുള്ള ആശ്വാസത്തില്‍ യുവാവിനെ ഉപദേശിച്ച് പറഞ്ഞുവിട്ടശേഷം പോലീസ് മടങ്ങി.

Back to top button
error: