ഉത്തരാഖണ്ഡ് മേഘ വിസ്‌ഫോടനം:150ലധികം പേരെ കാണാതായതായി പ്രദേശവാസികള്‍; ദിവസങ്ങള്‍ പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണത്തില്‍ വ്യക്തത ഇല്ലാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍: ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായവരുടെ എണ്ണം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. 60 മുതല്‍ 65 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും 150ലധികം പേരെ കാണാതായതായി പ്രദേശവാസികള്‍ പറയുന്നു. മരണപ്പെട്ടവരുടെ എണ്ണത്തിലും സ്ഥിരീകരണം ഇല്ല. അതേസമയം മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റുമടങ്ങിയ അടിയന്തര സഹായ പായ്ക്കറ്റുകള്‍ ഹെലിക്കോപ്റ്ററുകള്‍ വഴി എത്തിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ ദുരന്തബാധിത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
മേഘവിസ്‌ഫോടനത്തില്‍ ഒറ്റപ്പെട്ടുപോയ ധരാലി ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ കടാവര്‍ നായകളെ സ്ഥലത്ത് എത്തിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കി. എഞ്ചിനിയര്‍മാര്‍, മെഡിക്കല്‍ ടീമുകള്‍ ഉള്‍പ്പെട്ട 225ത്തിലധികം സൈനികരാണ് പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്.






