ഇന്ത്യയ്ക്കുമേല്‍ യുഎസിന്റെ 50 ശതമാനം തീരുവ: സമാന്തര വിപണി കണ്ടെത്തണം; വ്യവസായികളുടെ യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: അമേരിക്ക ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി മേഖലയിലെ പ്രതിനിധികളുടെ യോഗം വിളിച്ച് സംസ്ഥാന വ്യവസായ വകുപ്പ്. വാണിജ്യമേഖലയ്‌ക്കൊപ്പം സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഒരു ശതമാനം മാത്രമേ കേരളത്തില്‍ നിന്നുള്ളൂവെങ്കിലും ഈ പ്രതിസന്ധി നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും സര്‍ക്കാരിന്റെ പരിധിയില്‍നിന്നു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. ആഭ്യന്തര വിപണി കൂടുതലായി ഉപയോഗപ്പെടുത്തണം. ലോക കേരളസഭയിലെ അംഗങ്ങളുമായി ചേര്‍ന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താന്‍ ശ്രമിക്കാമെന്നും കയറ്റുമതി മേഖലയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ നിവേദനം കേന്ദ്രസര്‍ക്കാരിന് കേരളം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം സമാന്തരമായ മറ്റ് വിപണികള്‍ കണ്ടെത്തണം. എക്‌സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മാതൃകയില്‍ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടുവരണം. അതിലൂടെ പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി.






