Breaking NewsKeralaLead NewsNEWSpolitics

ഓഗസ്റ്റ് 14 വിഭജന ഭീകരതാദിനമായി ആചരിക്കണം: വിചിത്ര ഉത്തരവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ‘യൂണിവേഴ്‌സിറ്റികള്‍ സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണം; വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണം’

തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിചിത്ര ഉത്തരവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍വകലാശാലകള്‍ക്ക് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കി. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്ന് രാജ്ഭവന്‍ വിചിത്ര ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഭാരതാംബ വിവാദത്തിലും വിസിമാരുടെ നിയമനത്തിലും സംസ്ഥാന സര്‍ക്കാരുമായി പോരടിക്കുന്ന ഗവര്‍ണറുടെ പുതിയ നീക്കം വന്‍ വിവാദങ്ങള്‍ക്കും വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കും വഴിവയ്ക്കുമെന്നതു വ്യക്തമാണ്. തനിക്ക് പഠനത്തേക്കാള്‍ കൂടുതല്‍ താത്പര്യം ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാനായിരുന്നു എന്ന് ജന്‍മഭൂമി പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖം ആരാണ് ആര്‍ലേക്കര്‍ എന്ന ചിത്രം വരച്ചു കാട്ടും.

Signature-ad

‘ജയിലില്‍ ഞാന്‍ അച്ഛനെ കണ്ടു’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയേണ്ടി വന്ന രാജേന്ദ്ര അര്‍ലേക്കറുടെയും പിതാവ് വിശ്വനാഥ് അര്‍ലേക്കറുടെയും അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ലേഖനം. രാജ്ഭവനിലെ സ്വന്തം മുറിയില്‍ ഹെഡ്ഗേവാര്‍, ഗോള്‍വള്‍ക്കര്‍, ‘ഭാരത മാതാവ്’എന്നീ ചിത്രങ്ങളുടെ താഴെ ഇരുന്നാണ് ഗവര്‍ണര്‍ അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ പങ്കുവെച്ചതെന്ന് ലേഖകന്‍ പ്രത്യേകം എടുത്തു പറഞ്ഞത് സമകാലീന രാഷ്ടീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാകണം.

പഠനത്തേക്കാള്‍ താല്‍പ്പര്യം ആര്‍എസ്എസ് ശാഖയിലായിരുന്നു എന്ന് ലേഖനത്തില്‍ അര്‍ലേക്കര്‍ പറയുന്നു. അടിയന്തരാവസ്ഥ കാലത്ത് ഭാരതമാതാവിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ശക്തമായി. സംഘപ്രചാരകനാകാനുള്ള പ്രേരണ പ്രബലമായെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ പറയുന്നു. ഗോവയില്‍ അടിന്തരാവസ്ഥക്കെതിരായ പോരാട്ടത്തിനു നേതൃത്വം നല്‍കിയതും പങ്കാളികളായതും സംഘവും ജനസംഘവും ആണെന്നു ഗവര്‍ണര്‍ ലേഖനത്തില്‍ പറയുന്നു.’അന്നു ഗോവയില്‍ അറസ്റ്റിലായത് ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകരായിരുന്നു. കമ്മ്യൂണിസ്റ്റുകാരോ സോഷ്യലിസ്റ്റുകളോ ജയിലിലായില്ല. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇവരും ഞങ്ങളുമൊക്കെ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഫലം അനുകൂലമായിരുന്നില്ല,’ അര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക പരിപാടികളില്‍ രാജ്ഭവന്‍ ‘ഭാരതാംബ’ ചിത്രം ഉപയോഗിക്കുന്നത് വലിയ തോതിലുള്ള പ്രത്യയശാസ്ത്ര വിവാദങ്ങള്‍ക്കാണ് കേരളത്തില്‍ വഴിവെച്ചത്. ഗവര്‍ണറുടേത് ആര്‍എസ്എസ് നയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം ആണെന്നാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും ആരോപിച്ചത്. നേരത്തെ പരിസ്ഥിതി ദിനത്തിലും, സ്‌ക്കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ വിതരണ ചടങ്ങിലും രാജ്ഭവനില്‍ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

സര്‍ക്കാര്‍ അതിരൂക്ഷമായാണ് ഗവര്‍ണറുടെ ഈ നടപടിയെ വിമര്‍ശിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഭരണഘടനയുടെ പ്രാധാന്യം എടുത്തു പറഞ്ഞ ശേഷം സ്‌ക്കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ശിവന്‍കുട്ടിയുടേത് പ്രോട്ടോക്കോള്‍ ലംഘനം ആണെന്ന് രാജ്ഭവന്‍ ആരോപിച്ചതിനു പിന്നാലെ ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനമായി. ഇതിനു പിന്നാലെയാണ് ജന്മഭൂമിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ വിവരിക്കുന്ന ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചത്.

അടിയന്തരാവസ്ഥ കാലത്ത് രാജേന്ദ്ര അര്‍ലേക്കറും പിതാവും ഒരേ ജയിലിലാണ് കഴിഞ്ഞിരുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. പിതാവ് വിശ്വനാഥ് അര്‍ലേക്കര്‍ അടിയന്തരാവസ്ഥ അവസാനിക്കുന്നതുവരെ 21 മാസം ജയിലിലായിരുന്നു. വിദ്യാര്‍ഥിയായ രാജേന്ദ്ര ആറു മാസത്തിനകം മോചിതനായെന്നും ലേഖനത്തില്‍ പറയുന്നു.

 

Back to top button
error: