ആദ്യം ഒരു റിക്വസ്റ്റ്; പിന്നാലെ ഹായ്! തുടര്‍ന്നു രണ്ടുവര്‍ഷം സെക്‌സ് ചാറ്റ്: വയോധികന് നഷ്ടമായത് ഒമ്പതുകോടി രൂപ; തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത് മകന്‍ പരിശോധിച്ചപ്പോള്‍

മുംബൈ: ആദ്യം ഒരു റിക്വസ്റ്റ്. പിന്നാലെ ഹായ്! രണ്ടുവര്‍ഷത്തെ സെക്‌സ് ചാറ്റിലൂടെ എണ്‍പതുകാരന് നഷ്ടമായത് ഒമ്പതുകോടി രൂപ. മുംബൈ സ്വദേശിയായ വയോധികനാണു താന്‍ വീണുപോയ വലയുടെ ആഴമഴിയാതെ വര്‍ഷങ്ങള്‍ തട്ടിപ്പിന് ഇരയായത്. 734 ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴിയാണ് വയോധികന് പണം നഷ്ടമായത്. നാല് സ്ത്രീകളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ നാല് സ്ത്രീകളും ഒരാളാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
2023 ഏപ്രിലില്‍ ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഫെയ്സ്ബുക്കില്‍ കണ്ട ഷര്‍വി എന്ന സ്ത്രീക്ക് ഇദ്ദേഹം ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു, ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടുമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഷര്‍വിയുടെ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു, അത് അദ്ദേഹം സ്വീകരിച്ചു.
ഇരുവരും പെട്ടെന്നുതന്നെ ചാറ്റിംഗ് ആരംഭിക്കുകയും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. സംഭാഷണങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്ക് മാറി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടികളോടൊപ്പമാണ് ജീവിക്കുന്നതെന്നും ഷര്‍വി 80-കാരനോട് പറഞ്ഞു. പതിയെ, തന്റെ കുട്ടികള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് അവര്‍ ഇയാളോട് പണം ചോദിക്കാന്‍ തുടങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, കവിത എന്നൊരു സ്ത്രീയും ഇദ്ദേഹത്തിന് വാട്സാപ്പില്‍ മെസേജ് അയയ്ക്കാന്‍ തുടങ്ങി. താന്‍ ഷര്‍വിയുടെ പരിചയക്കാരിയാണെന്നും, താങ്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വയം പരിചയപ്പെടുത്തി. താമസിയാതെ, അവര്‍ ഇദ്ദേഹത്തിന് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും പണം ചോദിക്കാനും തുടങ്ങി. പിന്നാലെ ഭീഷണിപ്പെടുത്തി പണം വാങ്ങി,
2023 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ, 734 ഇടപാടുകളിലായി 8.7 കോടി രൂപയാണ് ഇദ്ദേഹം ഈ സ്ത്രീകള്‍ക്കായി നല്‍കിയത്. തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നപ്പോള്‍, സ്ത്രീകള്‍ക്ക് നല്‍കാനായി 80-കാരന്‍ മരുമകളില്‍ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങി. എന്നാല്‍ സ്ത്രീകള്‍ ഭീഷണിയും പണത്തിനായുള്ള ആവശ്യവും തുടര്‍ന്നു. പിന്നാലെ, അദ്ദേഹം മകനോട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. സംശയം തോന്നിയ മകന്‍ പിതാവിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെയാണ് താന്‍ ഒരു സൈബര്‍ തട്ടിപ്പിലാണ് അകപ്പെട്ടതെന്ന് വയോധികന്‍ മനസിലാക്കിയത്. cyber-fraud-elderly-victim






