ഇഡിക്ക് സുപ്രീം കോടതിയില്‍ വീണ്ടും പ്രഹരം; കള്ളപ്പണ അന്വേഷണ ഏജന്‍സികള്‍ക്ക് ‘വഞ്ചകരെ’പ്പോലെ പെരുമാറാന്‍ കഴിയില്ല; നിയമത്തിന്റെ ചുമരുകള്‍ക്കുള്ളിലാണ് നിങ്ങളുടെയും പ്രവര്‍ത്തനം; തെളിവു കിട്ടാത്തപ്പോഴും ആളുകളെ ജയിലിലിടുന്നു; ഇഡിയുടെ കേസുകള്‍ കോടതിയില്‍ തെളിയാത്തത് എന്തുകൊണ്ടെ’ന്നും ചോദ്യം

ന്യൂഡല്‍ഹി: ഇഡിയുടെ നടപടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായും അദ്ദേഹത്തിന്റെ പിന്‍ഗാമിയാകേണ്ട ജസ്റ്റിസ് സൂര്യകാന്തും. കള്ളപ്പണ ഇടപാടുകള്‍ പിടിക്കുന്നതിനു സ്ഥാപിക്കപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് ഉപയോഗിക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് രണ്ടു ബെഞ്ചുകളില്‍നിന്നുള്ള വിമര്‍ശനം.
ഭുഷാന്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനെ പാപ്പരായി പ്രഖ്യാപിച്ചുകൊണ്ടു കഴിഞ്ഞ മേയില്‍ പുറപ്പെടുവിച്ച വിധിക്കെതിരേ ഒരുപറ്റം വ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ റിവ്യൂ പെറ്റീഷനാണ് ബി.ആര്‍. ഗവായ് പരിഗണിച്ചത്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, വിനോദ് ചന്ദ്രന്‍ എന്നിവരായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.
അതേസമയം 2022ല്‍ ഇഡിക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നതിനെ സാധൂകരിച്ചുകൊണ്ടു പുറപ്പെടുവിച്ച വിധിക്കെതിരായ ഹര്‍ജികളാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിലെത്തിത്തിയത്. ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരായിരുന്നു മറ്റു ജഡ്ജിമാര്‍.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു എതിര്‍ത്തപ്പോഴാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പുനഃപരിശോധനയുടെ മറവില്‍ സമര്‍പ്പിച്ചത് അപ്പീലുകളാണെന്നും അവ നിലനില്‍ക്കില്ലെന്നും രാജു വാദിച്ചു. ഹര്‍ജികള്‍ സ്വീകരിക്കുന്നത് 2022 ലെ വിധിന്യായം മാറ്റിയെഴുതുന്നതിന് തുല്യമാണെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് ഭുയാന്‍ പ്രതികരിച്ചത്. ‘നിങ്ങള്‍ക്ക് വഞ്ചകനെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നിങ്ങള്‍ നിയമത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍നിന്നു പ്രവര്‍ത്തിക്കണം. നിയമം നടപ്പാക്കുന്ന അഥോറിട്ടികളും നിയമം ലംഘിക്കുന്ന സംവിധാനങ്ങളും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്’
എന്നാല്‍ ജഡ്ജിയുടെ വാദങ്ങളെ എതിര്‍ക്കുകയാണ് രാജു ചെയ്തത്. ‘കള്ളപ്പണ കേസില്‍ കുറഞ്ഞ ശിക്ഷാ നിരക്കു വരുന്നതിനു കാരണം പണക്കാരും അധികാരമുള്ളവരും ശക്തരായ വക്കീലന്‍മാരെ വച്ചു വാദിക്കുന്നതുകൊണ്ടും നിരവധി അപ്പീലുകള്‍ നല്‍കുന്നതുകൊണ്ടുമാണ്. അവര്‍ ഒരിക്കലും വിചാരണ നടക്കാന്‍ അനുവദിക്കില്ല. വിചാര വൈകിക്കാനും അവര്‍ക്കു കഴിയും’.
അതേസമയം, ഭുഷാന്‍ സ്റ്റീല്‍ കേസിലും ഇഡിയുടെ കുറഞ്ഞ ശിഷാ നിരക്കിനെ ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് ചോദ്യം ചെയ്തു. ആളുകള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലും നിരവധി വര്‍ഷം ജയിലിടാന്‍ ഇഡിക്കു കഴിയുന്നു. ‘അവര്‍ക്കെതിരായ കുറ്റം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ പോലും നിങ്ങള്‍ അവരെ വര്‍ഷങ്ങളോളം തടവില്‍ ഇടുന്നു. ഇതിലേറെയും ഒരു വര്‍ഷത്തോളം വിചാരണ പോലും നടന്നിട്ടില്ല. ഭുഷാന്‍ സ്റ്റീല്‍ കേസിലും ഇഡി ഇടപെട്ടിട്ടുണ്ടെന്നാണു മനസിലാക്കാന്‍ കഴിയുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഭുഷാന്‍ സ്റ്റീല്‍ കമ്പനിക്കു വായ്പ നല്‍കിയവരുടെ കൂട്ടായ്മയ്ക്കു വേണ്ടി സോളിസിറ്റര്‍ ജനല്‍ തുഷാര്‍ മേത്തയാണു ഹാജരായത്. അദ്ദേഹവും ഇഡിയെ പ്രതിരോധിച്ചു. രണ്ടായിരം കോടിയോളം കമ്പനിയില്‍നിന്നു കണ്ടെത്തിയെന്നും ഇരകള്‍ക്കു വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ‘കോടതിക്കു മുന്നില്‍ വരുന്നത് മിക്കവാറും ‘ഹൈ പ്രൊഫൈല്‍’ കേസുകളാണ്. മറ്റു കേസുകളും നിരവധിയുണ്ട്.’- അദ്ദേഹം പറഞ്ഞു.
ഈ സമയം ഇഡി കേസുകളില്‍ എത്രത്തോളം കുറ്റകൃത്യം തെളിയിക്കപ്പെട്ടെന്ന ചോദ്യം വീണ്ടും കോടതി ഉന്നയിച്ചു. ‘കുറ്റം തെളിയിക്കുക എന്നതു മറ്റൊരു കാര്യമാണ്. ചില സമയം എങ്ങനെയാണ് ചിലര്‍ കുറ്റമുക്തനായി എന്ന് അമ്പരക്കാറുണ്ട്. പണമെണ്ണുന്ന മെഷീന്‍ പ്രവര്‍ത്തനം നിലയ്ക്കുന്ന തരത്തില്‍ വന്‍തോതില്‍ പണം കണ്ടെടുത്തിട്ടുമുണ്ട്. ഞങ്ങള്‍ക്ക് അതേക്കുറിച്ചു മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങളോ യുട്യൂബില്‍ ചര്‍ച്ചയോ നടത്താന്‍ കഴിയില്ല’ന്നും മേത്ത പറഞ്ഞു. കോടതി ഒരിക്കലും വാര്‍ത്തകള്‍ നോക്കിയല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നു ജഡ്ജിമാരും തിരിച്ചടിച്ചു. Two separate Supreme Court benches remark on ED’s functioning— ‘can’t act like a crook’






