കന്യാസ്ത്രീകള്‍ക്ക് എതിരേ മൊഴി നല്കാന് ഭീഷണിപ്പെടുത്തി; മര്‍ദിച്ചു; ബജ്റംഗ്ദള്‍ നേതാക്കള്‍ പറഞ്ഞതിന് അനുസരിച്ച് പോലീസ് കേസെടുത്തെന്നും നിര്‍ണായക വെളിപ്പെടുത്തലുമായി യുവതി

ന്യൂഡല്‍ഹി: മലയാളി കന്യാസ്ത്രീകള്‍ക്ക് അനുകൂല വെളിപ്പെടുത്തലുമായി യുവതി. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിപ്പിച്ചത് ബജ്റംഗ്ദള്‍ നേതാവെന്ന് കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടുപോകേണ്ട യുവതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ കന്യാസ്ത്രീകള്‍ ജാമ്യാപേക്ഷ നല്‍കും.
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ ഓര്‍ച്ച ഗ്രാമത്തിലെ മൂന്ന് യുവതികളെയാണ് ജോലിക്കായി കൂട്ടിക്കൊണ്ടുപോകാന്‍ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും ദുര്‍ഗിലെത്തിയത്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ചുമത്തപ്പെട്ട കേസില്‍ കന്യാസ്ത്രീകള്‍ നിരപരാധികള്‍ എന്ന് പറയുകയാണ് ഇതില്‍ ഒരു യുവതി. ബജ്റംഗ് ദളിനെയും പൊലീസിനെയും വെട്ടിലാക്കുന്നതാണ് പ്രതികരണം. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചു. ബജറംഗ്ദള് നേതാവ് ജ്യോതി ശര്‍മ മര്‍ദിച്ചു, ഭീഷണിപ്പെടുത്തി. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത് പ്രകാരം കേസെടുക്കാന്‍ പൊലീസ് തയാറായെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പറയുന്നു.
ഇനി അറിയേണ്ടത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സമാന്തര പൊലീസിങ് നടത്തിയ ബജ്റംഗ്ദളിനെതിരെ പരാതിയും നടപടിയും ഉണ്ടാകുമോ എന്നാണ്. ജയില്‍വാസം ഒരാഴ്ചയാകുന്ന നാളെ കന്യാസ്ത്രീകള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഛത്തീസ്ഗഡ് മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് കന്യാസ്ത്രീകള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരാകും. സര്‍ക്കാര്‍ എതിര്‍ക്കാതിരുന്നാല്‍ കന്യാസ്ത്രീകള്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും. എതിര്‍ക്കില്ല എന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ എംപിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.






