ഇറ്റലിയിലുണ്ടായ അപകടത്തില്‍ ബാര്‍ബി പാവകളുടെ ഡിസൈനര്‍മാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മരണം കവര്‍ന്നത് പാവകളുടെ ലോകത്ത് മായാജാലം തീര്‍ത്ത പ്രതിഭാശാലികളെ

റോം:ലോകമെങ്ങും ആരാധകരുള്ള ബാര്‍ബി പാവകളുടെ രൂപകല്പകരായ മാരിയോ പഗലിനോ, ജിയാനി ഗ്രോസി എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇറ്റലിയില്‍ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് ജീവിത പങ്കാളികളായിരുന്ന ഇരുവരും കൊല്ലപ്പെട്ടത്. കളിപ്പാട്ടങ്ങളുടെ രാജകുമാരിയായ ബാര്‍ബി പാവകളെ പല രൂപങ്ങളില്‍ ആരാധകരിലേക്കെത്തിച്ച ഇവര്‍ പാവകളുടെ ലോകത്ത് മായാജാലം തീര്‍ത്ത പ്രതിഭാശാലികളായിരുന്നു.
ഞായറാഴ്ചയാണ് അപകടമുണ്ടായത്. മാരിയോ, ജിയാനി, സുഹൃത്തുക്കളായ അമോഡിയോ വലേരിയോ ഗിയര്‍ണി, ഇദ്ദേഹത്തിന്റെ ഭാര്യ സില്‍വിയ എന്നിവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. 82 കാരനായ എഗിഡിയോ സെറിയാനോ ആണ് ഈ വാഹനം ഓടിച്ചിരുന്നത്. മാരിയോക്കും ജിയാനിക്കും പുറമേ അമോഡിയോയും 82കാരനും മരിച്ചു. സില്‍വിയയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1999 ല്‍ മാറിയോയും ജിയാനിയും ഒരുമിച്ച് തുടങ്ങിയ മാഗിയ2000 എന്ന കമ്പനി പിന്നീട് ബാര്‍ബി പാവകളുടെ രൂപനിര്‍മിതിയിലൂടെ ലോകപ്രശസ്തമാവുകയായിരുന്നു. 1959 ല്‍ ലോകത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ബാര്‍ബി പാവകള്‍ക്ക് ഇന്നും ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തതില്‍ ഇരുവരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൗമാര ഫാഷനുകളില്‍ നിന്നും പിന്നീട് ടീച്ചറായും നഴ്സായും ബിസിനസ് വനിതയായും ബാര്‍ബി പാവകള്‍ അവതരിപ്പിക്കപ്പെട്ടു. അവരുടെ സൃഷ്ടിപരമായ കഴിവുകള്‍ക്ക് ആഗോളമായ അംഗീകാരം ലഭിച്ചപ്പോള്‍, മാരിയോയും ജിയാനിയും ഫാഷന്‍, ഗ്രാഫിക് ഡിസൈനര്‍മാരായി തങ്ങളുടെ പ്രസ്ഥാനമാരംഭിച്ചു. ഇവരുടെ ബിസിനസ്സ് ആസ്ഥാനം ഇറ്റലിയിലെ നോവാരയിലാരുന്നെങ്കിലും, ബാര്‍ബി പാവകളുടെ മാതൃസ്ഥാപനമായ മാറ്റല്‍ എന്ന കമ്പനിയുമായി അവര്‍ക്ക് അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. കുറച്ച് കാലത്തിനുശേഷം, അവരുടെ കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ വിപണിയിലെത്തിയതോടെ ബാര്‍ബി പാവകള്‍ക്ക് ജനപ്രീതിയേറുകയായിരുന്നു.
ആധുനിക കലകളും പോപ് ഐക്കണുകളും ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്ത അപൂര്‍വവും അതുല്യവുമായ ബാര്‍ബി പാവകള്‍ അവതരിപ്പിക്കപ്പെട്ടതോടെ ബ്രാന്‍ഡ് ആഗോള അംഗീകാരം നേടി. മാഡോണ, ലേഡി ഗാഗ, ഷെര്‍, വിക്ടോറിയ ബെക്കഹാം, സാറാ ജെസിക്കാ പാര്‍ക്കര്‍ എന്നിവരെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ബാര്‍ബി ശില്പങ്ങള് അവരുടെ സമാഹാരത്തില്‍ ഉള്‍പ്പെടുന്നു. ബാര്‍ബി ലോകത്തെ തങ്ങളുടെ സംഭാവനകള്‍ക്ക് പ്രശസ്തമായ ബാര്‍ബി ബെസ്ററ് ഫ്രണ്ട് അവാര്‍ഡ് 2016-ല്‍ ലഭിച്ചിരുന്നു.






