Lead News

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതേതര സ്വഭാവത്തിന് എതിര് ; രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പക്ഷേ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണെന്നും മത പരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന സാഹചര്യമുണ്ടെന്നും പറഞ്ഞു.

ന്യൂനപക്ഷ പീഡനങ്ങള്‍ മതേതരത്വത്തിന് എതിരാണ്. മതപരിവര്‍ത്തന നിരോധനനിയമം കിരാത നിയമമാണെന്നും ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പക്ഷേ രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ലെന്നും ആരോടും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പക്ഷപാതിത്വം കാണിച്ചിട്ടില്ല. ശിവന്‍കുട്ടിയുടെ പാര്‍ട്ടിയോടും കാണിച്ചിട്ടില്ലെന്നും സഭയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. ദീപിക ദിനപത്രത്തില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചതിലും ദീപികയില്‍ എഡിറ്റോറിയല്‍ എഴുതുന്നതും അരമനയില്‍ പ്രാര്‍ത്ഥിക്കുന്നതും തെറ്റല്ലെന്നും പറഞ്ഞു.

Signature-ad

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരേ മനുഷ്യക്കടത്ത്, മതപരിവര്‍ത്തന നിരോധന നിയമം എന്നിവയിലാണ് കേസെടുത്തത്.

Back to top button
error: