എയര്‍ ഇന്ത്യ അപകടം: പൈലറ്റുമാരെ പഴിക്കാന്‍ വരട്ടെ; ബോയിംഗ് ഡ്രീംലൈനറിലെ സോഫ്റ്റ്‌വേറിന് പൈലറ്റിന്റെ സഹായമില്ലാതെ എന്‍ജിനിലേക്കുള്ള ഇന്ധനം വിഛേദിക്കാന്‍ കഴിയുമെന്ന് ഏവിയേഷന്‍ വിദഗ്ധ; മുമ്പ് രണ്ടുവട്ടം സംഭവിച്ചു; ബോയിംഗ് കമ്പനിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നെന്ന സൂചനയുമായി വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: ബോയിംഗ് വിമാനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷ്ന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേരി ഷിയാവോ. ബോയിംഗ് വിമാനങ്ങളുടെ ഇന്ധന സ്വിച്ച് സംബന്ധിച്ചാണ് ഇവരുടെ വെളിപ്പെടുത്തല്‍. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച് തനിയെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വേര്‍ സംവിധാനം ബോയിംഗ് വിമാനങ്ങള്‍ക്കുണ്ടെന്നും ആകാശത്തുവച്ച് ഇതു രണ്ടു വട്ടം സംഭവിച്ചിട്ടുണ്ടെന്നും അഹമ്മദാബാദ് അപകടം സംബന്ധിച്ച് അന്തിമ തീരുമാനങ്ങളിലേക്ക് എത്തുംമുമ്പ് ഇതേക്കുറിച്ചു പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യ വിമാന അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള വ്യാപക നീക്കം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇവരുടെ ഗുരുതര വെളിപ്പെടുത്തല്‍. ബോയിംഗ് 787 വിമാനങ്ങള്‍ക്കു സോഫ്റ്റ്‌വേര്‍ അധിഷ്ഠിത ഫ്യൂവല്‍ സ്വിച്ച് സംവിധാനമുണ്ട്. 75 ശതമാനം കേസുകളിലും പൈലറ്റുമാരാണ് ഇക്കാര്യത്തില്‍ പഴി കേള്‍ക്കാറ്. എന്നാല്‍, അങ്ങനെയല്ലാത്ത സംഭവങ്ങളുണ്ടെന്നും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖ ദത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
2019ല്‍ നിപ്പോണ്‍ എയര്‍വേയ്‌സിന്റെ ബോയിംഗ് 787 ന്റെ ഇന്ധന സ്വിച്ചുകള്‍ ആകാശത്തുവച്ച് ഓഫ് ആയിരുന്നു. വിമാനം ലാന്‍ഡ് ചെയ്‌തെന്നു തെറ്റിദ്ധരിച്ചായിരുന്നു സോഫ്റ്റ്‌വേര്‍ തനിയെ പ്രവര്‍ത്തിച്ചത്. ‘ടിസിഎംഎ’ എന്ന സംവിധാനത്തിനു കേടുപാടുണ്ടായാല്‍ രണ്ട് എന്‍ജിനുകളിലേക്കുമുള്ള ഇന്ധന പ്രവാഹനം സ്വയം വിഛേദിക്കും. ത്രസ്റ്റ് കണ്‍ട്രോള്‍ മാല്‍ഫങ്ഷന്‍ അക്കൊമൊഡേഷന്‍ എന്ന സംവിധാനം എന്‍ജിന്‍ ത്രസ്റ്റിലെ പിഴവുകള്‍ സ്വയം കണ്ടെത്താനും പരിഹരിക്കാനുമുള്ളതാണ്.

2019 വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുമ്പോഴായിരുന്നു പിഴവു സംഭവിച്ചത്. വിമാനം സ്വയം എന്‍ജിനിലേക്കുള്ള ഇന്ധനം കട്ട് ചെയ്തു. വിമാനം തെന്നി നീങ്ങിയെങ്കിലും ടേക്ക് ഓഫ് അല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വാഷിംഗ്ടണ്‍ ഡിസി- നൈജീരിയ സര്‍വീസ് നടത്തുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഡ്രീംലൈനര്‍ ഫ്‌ളൈറ്റിന്റെ ത്രസ്റ്റിലും പ്രശ്‌നമുണ്ടായി. വിമാനം പൊടുന്നനെ താഴേക്കു കൂപ്പുകുത്തിയെങ്കിലും പെട്ടെന്നു നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു.
ജപ്പാനീസ് എയര്‍ലൈനായ ഓള്‍ നിപ്പോണ്‍ എയര്‍ലൈന്‍സ് (എഎന്‍എ) ബോയിംഗ് 787 ആണ് ഉപയോഗിക്കുന്നത്. ഇതില്‍ നിരവധി ഓട്ടോമാറ്റിക് സംവിധാനങ്ങളുണ്ട്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അംഗീകാരവും ഈ സംവിധാനത്തിനുണ്ട്. വിമാനം ലാന്‍ഡ് ചെയ്തതിരിക്കുകയാണോ അതോ പറക്കുകയാണോ എന്നു സ്വയം മനസിലാക്കുകയാണു ചെയ്യുന്നത്. എഎന്‍എ വിമാനത്തില്‍ എന്‍ജിനിലേക്കുള്ള ഇന്ധം വെട്ടിക്കുറയ്കക്കുയാണുണ്ടായതെന്നു ഷിയാവോ പറഞ്ഞു. ഇത്തരം തെറ്റുകള്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. ടേക്ക് ഓഫ് സമയത്താണെങ്കില്‍ വിമാനങ്ങള്‍ക്ക് തിരികെ നിയന്ത്രണത്തിലേക്ക് എത്താന്‍ വേണ്ട സമയം ലഭിക്കില്ലെന്നും തകരാനുള്ള സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
പൈലറ്റുകള്‍ക്കെതിരേ മതിയായ തെളിവില്ല
എയര്‍ ഇന്ത്യ തകര്‍ച്ചയ്ക്കു പിന്നാലെ പൈലറ്റുമാരെ പഴിച്ചുള്ള റിപ്പോര്‍ട്ടിനെതിരേയും ഷിയാവോ രംഗത്തുവന്നു. ഇതില്‍ ഒരു പൈലറ്റിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ‘എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത്’ അതിനു മറ്റൊരു പൈലറ്റ് പറയുന്നയത് ‘ഞാന്‍ ഓഫ് ചെയ്തിട്ടില്ല’ എന്നാണ്. ഒരു സംഭാഷണത്തിന്റെ പിന്നാലെ പോകുകയല്ല അന്വേഷകരുടെ പണി. കോക്പിറ്റിലുണ്ടാകുന്ന ഒരോ ക്ലിക്ക് ശബ്ദങ്ങള്‍ പോലും പരിശോധിക്കണം. മുമ്പ് സംഭവിച്ച കാര്യങ്ങള്‍കൂടി ഇതുമായി കൂട്ടിവായിക്കണം. ഫ്യൂവല്‍ താനേ കട്ടായി എന്നത് മുമ്പ് സംഭവിച്ചതാണ്. അത് നിലവില്‍ പരിശോധിച്ചിട്ടില്ല.
എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് ഏറ്റവും ആധുനികമായ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറാണ്. ഇതു രണ്ടും പരിശോധിക്കേണ്ടതുണ്ട്. ടേക്ക് ഓഫ് സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പൈലറ്റുമാര്‍ക്ക് ആവശ്യത്തിനു സമയം ലഭിക്കാറില്ല. എന്നാല്‍, വളരെ ഉയരത്തിലാണെങ്കില്‍ ഇതിനു സാധിക്കും. മുമ്പുണ്ടായ സംഭവങ്ങളില്‍ ഉയരത്തിലാണ് എന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്- അവര്‍ പറഞ്ഞു. Top aviation expert: ‘Boeing Dreamliner software can cut fuel without pilot input, has happened twice’






