Breaking NewsKeralaLead NewsLIFENEWSNewsthen SpecialWorld

ഒരേയൊരു ഉസ്താദ്! മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് കാന്തപുരത്തിന്റെ വിജയം; വധശിക്ഷ മുന്‍കൂട്ടി അറിയിക്കാതിരിക്കുക എന്ന പതിവും ഹൂത്തികള്‍ തെറ്റിച്ചു; ഉപദേശിച്ചത് ഇസ്ലാമിക നിമയത്തിന്റെ സാധ്യതകള്‍; നിമിഷപ്രിയ ടോമി തോമസിന്റെ മോചനത്തിന് പ്രതീക്ഷകള്‍ തെളിയുന്നു; ഇത് റിയല്‍ കേരള സ്‌റ്റോറി

ഒരു വിദേശ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതുമുതല്‍ മാതൃരാജ്യത്തെ അറിയിച്ചിരിക്കണം എന്നതു വിയന്ന കണ്‍വന്‍ഷന്‍ ഓണ്‍ കൗണ്‍സുലാര്‍ റിലേഷന്‍സ് (1963) പ്രകാരം നിയമമാണ്. അന്തര്‍ദേശീയ അംഗീകാരമില്ലാത്ത ഹൂത്തികള്‍ ഭരിക്കുന്നയിടങ്ങളില്‍ ഇത്തരം നടപടികള്‍ പ്രാബല്യത്തിലില്ല. ഇവര്‍ ശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് ഔദ്യോഗികമായി അറിയിക്കാറില്ല എന്നു ചുരുക്കം.

സനാ: നിമിഷപ്രിയ ടോമി തോമസിന്റെ വധശിക്ഷ യെമനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരുമടക്കം പരാജയപ്പെട്ടിടത്ത് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വിജയിച്ചതിനു പിന്നാലെ ഇസ്ലാമിലെ സൗമ്യ മുഖത്തിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ശശി തരൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ‘ഉസ്താദി’നെ പ്രകീര്‍ത്തിച്ചു രംഗത്തുവന്നു. കാന്തപുരത്തോട് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച ചാണ്ടി ഉമ്മനെയും രാഷ്ട്രീയഭേദമില്ലാതെ ഏവരും അഭിനന്ദിച്ചു.

നിമിഷപ്രിയ ഇപ്പോള്‍ ഉള്ളത് വിമത വിഭാഗമായ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനാ ജയിലിലാണ്. നിമിഷയുടെ വധശിക്ഷ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടുമില്ല. ഇപ്പോള്‍ യമനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. യമനുമായുള്ള നയതന്ത്ര ഇടപാടുകള്‍ ജിബൗട്ടിയിലെ ഇന്ത്യന്‍ മിഷന്‍ ആണ് നടത്തുന്നത്. ഒരു വിദേശ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതുമുതല്‍ മാതൃരാജ്യത്തെ അറിയിച്ചിരിക്കണം എന്നതു വിയന്ന കണ്‍വന്‍ഷന്‍ ഓണ്‍ കൗണ്‍സുലാര്‍ റിലേഷന്‍സ് (1963) പ്രകാരം നിയമമാണ്. ഇന്ത്യയും യമനും ഇത് അംഗീകരിച്ച രാജ്യങ്ങളാണ്.

Signature-ad

എന്നല്‍, അന്തര്‍ദേശീയ അംഗീകാരമില്ലാത്ത ഹൂത്തികള്‍ ഭരിക്കുന്നയിടങ്ങളില്‍ ഇത്തരം നടപടികള്‍ പ്രാബല്യത്തിലില്ല. ഇവര്‍ ശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് ഔദ്യോഗികമായി അറിയിക്കാറില്ല എന്നു ചുരുക്കം. ഇവിടെയാണു നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചെന്നുകാട്ടി ജയില്‍ അധികൃതര്‍ അയച്ച കത്തിന്റെ പ്രസക്തി.

‘കുറ്റവാളി നിമിഷപ്രിയ ടോമി തോമസിന്റെ വധശിക്ഷ പുതിയ തീയതി അറിയിക്കുന്നതുവരെ മാറ്റിവച്ചിരിക്കുന്നു’ എന്നാണു കാന്തപുരം പുറത്തുവിട്ട കത്തില്‍ പറയുന്നത്. അതായതു തുടര്‍ നടപടിയുണ്ടാകുമ്പോള്‍ മുന്‍കൂട്ടി അറിയിക്കുമെന്ന്. പൊതുവില്‍ ഹൂത്തികള്‍ നടപ്പാക്കുന്ന ശിക്ഷാ സമ്പ്രദായത്തില്‍നിന്നു വ്യത്യസ്തമാണ് ഈ രീതി. കാന്തപുരത്തിന്റെ ഇടപെടല്‍ ഫലപ്രദവും അങ്ങേയറ്റം അഭിനന്ദനാര്‍ഹവുമാണെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.

പ്രാര്‍ഥനകള്‍ ഫലിക്കുന്നു എന്ന കുറിപ്പോടെയാണു കാന്തപുരം യെമനില്‍നിന്നുള്ള കത്ത് പുറത്തുവിട്ടത്. ഇതിനുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും അദ്ദേഹം എഴുതി. അറ്റോര്‍ണി ജനറലിന്റെ നിര്‍ദ്ദേശപ്രകാരം, 2018-ലെ കേസ് നമ്പര്‍ (18) സി.സി. പ്രകാരം ശിക്ഷിക്കപ്പെട്ട നിമിഷയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെയ്ക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. വധശിക്ഷ നടപ്പാക്കാനായി നിശ്ചയിച്ചിരുന്നത് ബുധനാഴ്ചയായിരുന്നു.

ഇന്ത്യന്‍ സമയം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചുള്ള വാര്‍ത്ത വന്നത്. തലാലിന്റെ കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് നടപടി. യെമന്‍ ഭരണകൂടമാണ് വധശിക്ഷ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടത്. വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെയാണ് തീരുമാനമായത്. വസാബി മേഖലയിലാണ് തലാലിന്റെ കുടുംബം താമസിക്കുന്നത്. തലാലിന്റെ കുടുംബവുമായി ചര്‍ച്ച തുടരണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ദയാധനം, മാപ്പ് എന്നിവയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. വധശിക്ഷ മാറ്റിവച്ച വിവരം യെമനില്‍നിന്ന് സാമുവല്‍ ജെറോം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍പോലും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നാണ്. ബ്ലഡ്മണിയടക്കം നല്‍കി മോചിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഈ സമയത്താണ് കാന്തപുരത്തിന്റെ അവസരോചിതമായ ഇടപെടല്‍. യെമനിലെ മതനേതാക്കളുമായി അദ്ദേഹം സംസാരിച്ചു. ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ സൂഫി നേതാക്കളും മരിച്ചയാളുടെ ബന്ധുക്കളുമായി സംസാരിച്ചു.

ഉച്ചയോടെ മരിച്ച തലാലിന്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനും മതനേതാക്കളുടെ ഇടപെടലില്‍ ഇവര്‍ അനുകൂല നിലപാടെടുക്കാനും സമ്മതിച്ചു. ആദ്യമായി കുടുംബം ചര്‍ച്ചയ്ക്കു തയാറായതുതന്നെ കാന്തപുരത്തിന്റെ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ ചില സോഴ്‌സുകളെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഠ കാന്തപുരം ഉന്നയിച്ചത് ഇസ്ലാമിക നിയമം

കുടുംബത്തെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതാണു വിജയമെന്നാണു കാന്തപുരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. കൊലയാളികളെ കൊല്ലുന്നതിനൊപ്പം മറ്റൊരു നിയമംകൂടി ഇസ്ലാമിലുണ്ട്. അത് ബന്ധുക്കള്‍ ക്ഷമിക്കുകയെന്നതാണ്. ആരെ ബന്ധപ്പെടണമെന്ന് അറിയില്ലായിരുന്നു. എന്നാല്‍, ഇവിടെയിരുന്ന് അവിടെയുള്ള പണ്ഡിതരെ ഇക്കാര്യം അറിയിച്ചു. ഈ നീക്കമാണ് വിജയം കണ്ടത്.

നേരത്തേ കേന്ദ്രസര്‍ക്കാര്‍ പോലും തങ്ങള്‍ക്കു കൂടുതല്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു വ്യക്തമാക്കിയത്. ഞങ്ങള്‍ പരമാവധി ശ്രമം നടത്തി. ഇനിയും തുടരുമെന്നായിരുന്നു സുപ്രീം കോടതിയെ അറിയിച്ചത്. യെമനില്‍ സ്വാധീനമുള്ള ഷേഖുമായി ബന്ധപ്പെട്ടെന്നും അതു വിജയിക്കുമോ എന്ന് അറിയില്ലെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി അറിയിച്ചിരുന്നു.

how-kerala-nurse-nimisha-priya-s-execution-was-halted-in-yemen-who-intervened-explained

Back to top button
error: