അതുക്കും മേലെ! വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിന്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ കുതിച്ചത് 620 കിലോമീറ്റര്‍ സ്പീഡില്‍; കാന്തിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തനം; നിശബ്ദമായി സഞ്ചാരം; ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ചൈന

ബീജിംഗ്: വെറും ഏഴുസെക്കന്‍ഡില്‍ 620 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന, വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിനിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ചൈന. ലോകത്തെ ഏറ്റുവും വേഗമേറിയ ഗ്രൗണ്ട്-ലെവല്‍ ട്രെയിന്‍ എന്ന നേട്ടമാണ് ഈ വമ്പന്‍ വിജയത്തോടെ ചൈന സ്വന്തമാക്കിയത്. വേഗത്തിനൊപ്പം ഇടതവില്ലാതെ നിശബ്ദമായാണ് ഓട്ടമെന്നതും പുതിയ സാങ്കേതിക വിദ്യയുടെ ഭാവി വ്യക്തമാക്കുന്നു.
കാന്തിക പ്ലവനശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ പാളത്തില്‍നിന്നു പൊങ്ങിനീങ്ങിയാകും സഞ്ചരിക്കുക. ട്രാക്കുമായി ട്രെയിനിന്റെ ഉരസല്‍ ഒഴിവാക്കുന്നിനും ലാഘവത്തോടെയുള്ള സഞ്ചാരത്തിനും ഇതു സഹായിക്കും. ഹാര്‍നെസ് മാഗ്‌ലേവ് സാങ്കേതികവിദ്യയെന്നാണിതിനെ വിശേഷിപ്പിക്കുന്നത്. വളരെച്ചരുങ്ങിയ സമയത്തില്‍ പരമാവധി വേഗത്തിലെത്താനും ഊര്‍ജത്തിന്റെ ഉപയോഗം കുറയ്ക്കാനും ട്രെയിനു കഴിയുന്നു.
China’s driverless maglev train at 600 km/h: the world’s fastest ground-level ride. Feel the float! pic.twitter.com/2x6AyfJ9mp
— Mao Ning 毛宁 (@SpoxCHN_MaoNing) July 10, 2025
ഡ്രൈവര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ എന്‍ജിന്‍ ആദ്യ പരീക്ഷണത്തില്‍തന്നെ മണിക്കൂറില്‍ 620 കിലോമീറ്റര്‍ വേഗം കൈവരിച്ചിരുന്നു. സാധാരണ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ മണിക്കൂറില്‍ 620 കിലോമീറ്റര്‍ വേഗത്തിലാണു സഞ്ചരിക്കുന്നത്. ബോയിംഗ് 737 പോലുള്ള വിമാനങ്ങള്‍ 885-925 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാറുണ്ട്. എന്നാല്‍, പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍വരെ വേഗമെത്തിക്കാന്‍ ട്രെയിനിനു കഴിയുമെന്നും വിലയിരുത്തുന്നു.
പ്രത്യേകമായി തയാറാക്കിയ വാക്വം (വായുവില്ലാത്ത) ടണലിലൂടെയാണു പരീക്ഷണം നടത്തിയത്. വായുവിന്റെ സമ്മര്‍ദവും പ്രതിരോധവുമില്ലാത്തതിനാലാണ് അതിവേഗത്തിലേക്ക് എത്താന്‍ കഴിയുന്നത്. ആദ്യ ഏഴു സെക്കന്‍ഡില്‍തന്നെ ട്രെയിന്‍ 620 കിലോമീറ്ററില്‍ എത്തി. നിലവില്‍ ഈ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനുകളുണ്ടെങ്കിലും മണിക്കൂറില്‍ 430 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്ററാണു ശരാശരി വേഗം. ചൈനയുടെതന്നെ പരീക്ഷണം ഈ മാര്‍ക്ക് മറികടന്ന് ലോകത്തെ ഏറ്റവും വേഗമേറിയ ലാന്‍ഡ് ട്രെയിന്‍ എന്ന നേട്ടത്തിലെത്തി. മറ്റു രാജ്യങ്ങളെ മറികടന്നു ഗതാഗത സംവിധാനങ്ങളില്‍ കുതിക്കുന്ന ചൈനയുടെ മുന്നേറ്റമായിട്ടാണ് ഇതു വിലയിരുത്തുന്നത്.
ട്രെയിനിന്റെ അസാധാരണ വേഗമെന്നത് അതിലെ ഒരു ഘടകം മാത്രമാണ്. കാന്തിക ശക്തിയില്‍ വാക്വം ടണലുകളിലൂടെ സഞ്ചരിക്കുന്നതിലൂടെ കുറഞ്ഞ ശബ്ദം മാത്രമാണുണ്ടാക്കുന്നത്. ഊര്‍ജോപയോഗം കൂടി കുറയ്ക്കുന്നതിലൂടെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ സംവിധാനമായി ഇതു മാറും. ഹൈപ്പര്‍ലൂപ്പ് പോലെ ഭാവിയിലെ യാത്രയുടെ ഗതിതന്നെ ഇതു നിര്‍ണയിച്ചേക്കാം.
നിലവില്‍ ട്രെയിനിന്റെ പ്രോട്ടോടൈപ്പാണു പരീക്ഷിച്ചത്. അടുത്ത ഘട്ടത്തില്‍ ദീര്‍ഘദൂരത്തിലുള്ള സഞ്ചാരവും ലക്ഷ്യമിടും. യാത്രക്കാര്‍ക്കൊപ്പം പാഴ്‌സലുകളും കൊണ്ടുപോകാന്‍ ഉപയോഗിക്കാം. ജപ്പാന്‍, യൂറോപ്പ്, അമേരിക്ക എന്നിവയുമായി മത്സരത്തലുള്ള ചൈന, ഈ നേട്ടം ഉടന്‍തന്നെ ജനങ്ങളിലെത്തിക്കുമെന്നാണു വിവരം. China’s ‘Floating’ Maglev Train Faster Than A Plane, Can Reach Speed Of 620 km/h In 7 Seconds






