1000 കോടി വെട്ടിച്ച ടോമിയും ഷൈനിയും കെനിയയിലേക്ക് കടന്നു; മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം മുതലാക്കി തട്ടിപ്പ്; ഒന്നേകാല്‍ കോടിയുടെ ഫ്‌ളാറ്റ് വിറ്റത് നേര്‍ പകുതി വിലയ്ക്ക്; ജീവനക്കാരും കുടങ്ങി

ബെംഗളൂരു രാമമൂർത്തി നഗറിൽ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്പനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച് രാജ്യം വിട്ടതായി പരാതി. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ സിനി ടോമി, മകൻ സോവിയോ എന്നിവർ കെനിയയിലേക്ക് കടന്നുവെന്നാണ് സൂചന. ഏകദേശം 1000 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവർത്തനപരിചയവും, എല്ലാ മാസവും കൃത്യമായി പലിശ നൽകി നേടിയ വിശ്വാസ്യതയും മുതലെടുത്താണ് ടോമിയും കുടുംബവും വൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ മാസം ഒന്നാം തീയതി വരെ ഇടപാടുകാർക്ക് കൃത്യമായി പലിശ നൽകിയിരുന്നു.
തട്ടിപ്പിന് മുന്നോടിയായി, ഒന്നേകാൽ കോടി രൂപയുടെ ഫ്ലാറ്റ് ദിവസങ്ങൾക്ക് മുൻപ് വെറും 68 ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചു. കാറും സ്കൂട്ടറും ഉൾപ്പെടെയുള്ള സ്വത്തുക്കൾ വിറ്റ ശേഷമാണ് ടോമിയും കുടുംബവും മുങ്ങിയത്. ഇതോടെ കമ്മീഷൻ വ്യവസ്ഥയിൽ ചിട്ടിയിലേക്ക് ആളുകളെ ചേർത്ത ജീവനക്കാർ വെട്ടിലായിരിക്കുകയാണ്.
മാസം രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. ടോമിയും കുടുംബത്തിനുമെതിരെ രാമമൂർത്തി നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






