സംയുക്ത പണിമുടക്ക് ബന്ദിനു സമാനം; കെ എസ്ആര്‍ടിസി ബസുകള്‍ അടക്കം തടയുന്നു; പ്രധാന സ്റ്റാന്‍ഡുകളില്‍ യാത്രക്കാര്‍ കുടുങ്ങി; പോലീസ് സംരക്ഷണം നല്‍കിയാല്‍ വണ്ടി ഓടിക്കുമെന്ന് ജീവനക്കാര്‍; മെഡിക്കല്‍ കോളജിലെ ജോലിക്കാരും വഴിയില്‍

തിരുവനന്തപുരം : കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് എട്ടു മണിക്കൂര്‍ പിന്നിട്ടു. കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാര്‍ കാത്തിരിക്കുകയാണ്.
കെഎസ്ആര്‍ടിസി അടക്കം സര്‍വീസ് നടത്താതിരുന്നതോടെയാണ് റെയില്‍വേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാര്‍ പെരുവഴിയിലായത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാര്‍ കാത്തുകിടക്കുകയാണ്. എറണാകുളത്ത് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാര്‍ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാല്‍ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സര്‍വീസ് നടത്താമെന്നും ജീവനക്കാര്‍ അറിയിച്ചു.
തൃശ്ശൂരിലും കൊച്ചിയിലുമടക്കം സര്‍വീസ് നടത്താന്‍ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആര്‍ടിസി ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സര്‍വീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാര്‍.
മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നവര്‍ കുടുങ്ങി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നവര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹനം ഇല്ലാതെ കുടുങ്ങി കിടക്കുകയാണ്. അത്യാവശ്യ സേവന മേഖലയായിട്ടും ഇവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ എത്താനായിട്ടില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ വാഹനം എത്തിക്കാനാണ് ശ്രമം.
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. രാവിലെ നെടുമ്പാശ്ശേരി യിലേക്കുള്ള രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ സര്‍വീസുകള്‍ നടത്തി. ഏതാനും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും എത്തുന്നുണ്ട്. ചമ്പക്കുളം വള്ളംകളി നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും. പൊലീസ് നിര്‍ദേശമനുസരിച്ച് മാത്രം തീരുമാനം ദീര്‍ഘദൂര ബസുകള്‍ കടന്ന് പോകുന്നുണ്ട്. ആലപ്പുഴയില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നില്ല.
ഇടുക്കിയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. കട്ടപ്പന നിന്നും 15 ബസുകളും കുമളിയില്‍ നിന്നും 5 അയച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു.
കണ്ണൂരില്‍ നിന്നും രാവിലെ സര്‍വീസ് നടത്തിയത് കൊല്ലൂരിലേക്കുള്ള ഒരു ബസ് മാത്രമാണ്. 20 ലധികം സര്‍വീസുകള്‍ മുടങ്ങി. ജീവനക്കാരില്‍ ഭൂരിഭാഗവും ജോലിക്കെത്തിയിട്ടില്ല.






