Breaking NewsKeralaLead NewsNEWSPravasiWorld

നിയമത്തിന്റെ വഴികളെല്ലാം അടഞ്ഞു, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള അവസാനശ്രമത്തിൽ, നാളെ യെമൻ പൗരന്റെ കുടുംബത്തെ കാണും- മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം

സനാ: യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമെനിൽ ജയിലിൽകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കും. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. യെമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്.

യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. നിമിഷ പ്രിയ നിലവിൽ സനയിലെ ജയിലിലാണുള്ളത്.

Signature-ad

അതേസമയം ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം അവസാനശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം അറിയിച്ചു. ഇതിനായി നാളെ യെമൻ പൗരന്റെ കുടുംബത്തെ കാണും. 10 ലക്ഷം ഡോളർ നൽകാമെന്നാണ് യെമൻ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദിയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതക സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമൻ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീൽകോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദിയാ ധനം നൽകി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു.

Back to top button
error: