
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈന്യത്തിന് കരുത്തേകാന്‍ ഇന്ത്യ വാങ്ങിയ അപ്പാച്ചെ ഹെലികോപ്ടറുകളില്‍ മൂന്നെണ്ണം ഉടന്‍ ലഭിക്കും. അമേരിക്കയുമായി 2020ല്‍ ഒപ്പിട്ട 5,691 കോടി രൂപയുടെ കരാറിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ആദ്യബാച്ച് ഹെലികോപ്ടറുകളാണ് ഇവ. ആകെ ആറ് ഹെലികോപ്ടറുകള്‍ക്കാണ് കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞവര്‍ഷം മെയ്- ജൂണ്‍ മാസത്തില്‍ ആദ്യബാച്ച് കോപ്ടറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് നീണ്ടുപോവുകയായിരുന്നു. അമേരിക്കയുടെ ഭാഗത്തുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് പ്രധാന കാരണമായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം രാജ്യം ശക്തമാക്കിയിരിക്കെയാണ് അതിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അപ്പാച്ചെ എത്തുന്നത്. കരസേനയുടെ ഭാഗമായ ആര്‍മി ഏവിയേഷന്‍ കോര്‍പ്സിനുവേണ്ടിയാണ് ഇവ വാങ്ങുന്നത്. കരയാക്രമണം നടക്കുമ്പോള്‍ ആകാശത്തുനിന്ന് സൈന്യത്തിന് എല്ലാവിധ പിന്തുണയും ലഭ്യമാക്കുക എന്നതാണ് ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സിന്റെ പ്രധാന ഉത്തരവാദിത്തം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ത്തന്നെ ആര്‍മി ഏവിയേഷന്‍ കോര്‍പ്സ് ജോധ്പൂരില്‍ അപ്പാച്ചെയുടെ സ്‌ക്വാഡ്രണ്‍ ആരംഭിച്ചിരുന്നതാണ്. രണ്ടാമത്തെ ബാച്ചിലെ മൂന്ന് ഹെലികോപ്ടറുകള്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പാച്ചെ എത്തുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് പതിന്മടങ്ങ് വര്‍ദ്ധിക്കും. ഫയര്‍ പവര്‍, കൃത്യമായ ലക്ഷ്യം കാണാനുളള കഴിവ്,അത്യാധുനിക സെന്‍സറുകള്‍, രാത്രിയിലും യുദ്ധം ചെയ്യാനുള്ള സംവിധാനങ്ങള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍, സ്റ്റിംഗര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍ എന്നിവ വഹിക്കാനുള്ള ശേഷി തുടങ്ങിയവയാണ് അപ്പാച്ചെയുടെ എടുത്തുപറയത്തക്ക പ്രത്യേകതകള്‍. അതിനാല്‍ത്തന്നെ പറക്കും ടാങ്ക് എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്. ഇന്ത്യന്‍ സൈന്യം 2015ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം ലഭിച്ച അപ്പാച്ചെ ഹെലികോപ്ടറുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. അതിനെക്കാള്‍ മികവുറ്റതാണ് ഇപ്പോള്‍ ലഭിക്കുന്നത്.