
എറണാകുളം: മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ കത്തിക്കുത്ത്. പിരിച്ചുവിട്ട ജീവനക്കാരന്‍ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യൂണിയന്‍ ബാങ്ക് മഞ്ഞുമ്മല്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ മാവേലിക്കര വെസ്റ്റ് ഫോര്‍ട്ട് ആനന്ദഭവനില്‍ എല്‍. ഇന്ദു കൃഷ്ണനെ (35) ബാങ്കിലെ ഗോള്‍ഡ് അപ്രൈസറായിരുന്ന കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം പത്താഴപ്പറമ്പില്‍ സെന്തില്‍ കുമാര്‍ (44) ആണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.
ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യൂണിയന്‍ ബാങ്കിലെ താത്കാലിക ജീവനക്കാരനായിരുന്നു സെന്തില്‍. ഇന്ദുകൃഷ്ണയെ ജോലിയിലേക്ക് എടുത്തതുകൊണ്ടാണ് തനിക്ക് ജോലി നഷ്ടപ്പെട്ടത് എന്ന തെറ്റിദ്ധാരണ സെന്തിലിന് ഉണ്ടായിരുന്നതായാണ് വിവരം.

കത്തിയുമായി ബാങ്കിനുള്ളില്‍ കടന്ന സെന്തില്‍ അവിടെ ജോലി ചെയ്യുകയായിരുന്ന ഇന്ദുവിന്റെ കൈപ്പത്തിയിലും കൈയിലും പുറത്തുമായാണ് കുത്തിയത്. കൈയിലെ ഞരമ്പുകള്‍ക്ക് സാരമായി പരിക്കേറ്റ ഇന്ദുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദുവിനെ ആക്രമിച്ചതിന് പിന്നാലെ സെന്തില്‍ സ്വന്തം ദേഹത്തും കുത്തി പരിക്കേല്‍പ്പിച്ചു.
പിന്നാലെ ബാങ്കിന്റെ സ്റ്റോര്‍ റൂമിനുള്ളില്‍ കയറി വാതില്‍ അടച്ചുപൂട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏലൂരില്‍ നിന്ന് പോലീസ് സംഘം എത്തിയാണ് വാതില്‍ ചവിട്ടിപ്പൊളിച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.