ശ്രേയസ് അയ്യര്‍ Vs അമ്മ; താരം ക്ലീന്‍ ബൗള്‍ഡ്! റിയല്‍ വേള്‍ഡ് കപ്പെന്ന് ആരാധകര്‍; ലിവിംഗ് റൂമിലെ ക്രിക്കറ്റ് പോരാട്ടം വൈറല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് കിങ്സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യരും അമ്മയും തമ്മിലുള്ള ക്രിക്കറ്റ് മത്സരം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അമ്മയുടെ ബൗളിങ്ങില്‍ മകന്‍ ക്ലീന്‍ ബൗള്‍ഡ്. ഇതാണ് യഥാര്‍ത്ഥ വേള്‍ഡ് കപ്പ് മത്സരമെന്നാണ് ആരാധകര്‍ പറയുന്നത്.
Only time SARPANCH won’t mind getting bowled! ♥️ pic.twitter.com/jYUDd7DkD7
— Punjab Kings (@PunjabKingsIPL) June 30, 2025

വീട്ടിലെ ലിവിങ് റൂമിനുള്ളിലാണ് അമ്മയും മകനും തമ്മിലുള്ള കടുത്ത പോരാട്ടം നടക്കുന്നത്. ആവേശത്തോടെയുളള അമ്മയുടെ ബൗളിങ്ങില്‍ ഇന്ത്യന്‍ താരം ക്ലീന്‍ ബൗള്‍ഡാവുന്ന ദൃശ്യങ്ങളാണ് പങ്കുവക്കപ്പെട്ടത്. മകനെ തോല്‍പ്പിച്ച അമ്മയുടെ സന്തോഷവും വിഡിയോയില്‍ കാണാം. ശ്രേയസ് അയ്യര്‍ VS അമ്മ എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. ലിവിങ് റൂമിലെ ക്രിക്കറ്റ് മത്സരമെന്നും വിഡിയോയില്‍ കാണാം.
വിഡിയോ പഞ്ചാബ് കിങ്സും ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ബൗണ്‍സറും, ഒരു യോര്‍ക്കറും, പിന്നെ ഒരു വിക്കറ്റും എന്നാണ് വിഡിയോക്ക് താഴെ ഒരാള്‍ കുറിച്ചിരിക്കുന്നത്. ഇന്നാരംഭിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ അമ്മ ഇറങ്ങുമോ എന്നു ചോദിക്കുന്നവരുമുണ്ട്.
ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റ് മത്സര പര്യടനത്തിനുള്ള ടീമില്‍ ശ്രേയസ് ഇല്ലെങ്കിലും ഓഗസ്റ്റ് 17നാരംഭിക്കുന്ന ബംഗ്ലാദേശിലെ വൈറ്റ് ബോള്‍ പര്യടനത്തില്‍ ശ്രേയസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഒന്നാം ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ രണ്ടാം ടെസ്റ്റിലും ബുമ്രയെ കളിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.