
തൃശൂര്‍: നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്തെത്താന്‍ കാരണമായത് അവിവാഹിതരായ യുവതീ യുവാക്കള്‍ തമ്മിലുള്ള ബന്ധം തകര്‍ന്നത്. 2020-ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിന്‍ അനീഷയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെ ശൗചാലയത്തില്‍ 2021 നവംബര്‍ ആറിനാണ് ആദ്യത്തെ പ്രസവം നടന്നത്. ആണ്‍കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതിനെത്തുടര്‍ന്ന് മരിച്ചിരുന്നതായാണ് അനീഷ ആദ്യം പോലീസിനോട് പറഞ്ഞത്. താന്‍തന്നെ വീട്ടുപറമ്പില്‍ രഹസ്യമായി മൃതദേഹം കുഴിച്ചിട്ടെന്നും അനീഷ പറഞ്ഞു.
എട്ടുമാസത്തിനുശേഷം കുഞ്ഞിന്റെ അസ്ഥി, കര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞ് ഭവിന്‍ വാങ്ങി. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിന്‍ കരുതിയിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

2024 ഏപ്രില്‍ 29-ന് അനീഷയുടെ വീട്ടില്‍വച്ചുതന്നെയാണ് രണ്ടാമത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആ കുട്ടിയും മരിച്ചെന്ന് അനീഷ യുവാവിനെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം സ്‌കൂട്ടറില്‍ ഭവിന്റെ ആമ്പല്ലൂരിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം ഭവിന്റെ വീടിന് സമീപത്ത് കുഴിച്ചിട്ടു. ജനിച്ചയുടന്‍ കുട്ടി കരഞ്ഞതു പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് അനീഷ പോലീസിനോട് സമ്മതിച്ചു.
ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു. പെണ്‍കുട്ടി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നെന്ന സംശയത്തില്‍ ഭവിന്‍ ഫോണിലൂടെയും നേരിട്ടും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി.
തൃശ്ശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, ചാലക്കുടി ഡിവൈഎസ്പി ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യംചെയ്തത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്ന് അസ്ഥികള്‍ രണ്ടു കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് എസ്പി പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ബന്ധത്തെക്കുറിച്ചും അനീഷയുടെ രണ്ട് പ്രസവങ്ങളെക്കുറിച്ചും വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി ബിജുകുമാര്‍, സിഐ മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.