CrimeNEWS

ലഹരി മതിയാകാതെ മാനസിക രോഗ ഗുളികകളും! തൃശൂരില്‍ പൊലീസിനെ ആക്രമിച്ച് വിളയാടിയ ഗൂണ്ടാസംഘത്തില്‍ കൊലക്കേസ് പ്രതിയും; സഹികെട്ട് പരാതി നല്‍കിയത് പ്രതികളിലൊരുവന്റെ അമ്മയും

തൃശൂര്‍: നഗരത്തിന് അടുത്ത് നല്ലെങ്കരയില്‍ ലഹരി പാര്‍ട്ടിക്കിടെ ഉണ്ടായ അടിപിടി അന്വേഷിക്കാന്‍ എത്തിയ പൊലീസിനെ ആക്രമിച്ച ഗുണ്ടാസംഘം നടത്തിയിരുന്നത് കടുത്ത ലഹരി പ്രയോഗങ്ങള്‍. സംഘത്തില്‍പ്പെട്ട യുവാവിന്റെ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ കൂട്ടയടി നിയന്ത്രിക്കാനെത്തിയ പൊലീസുകാരെയാണ് ലഹരിക്കടമപ്പെട്ടവര്‍ ആക്രമിച്ചത്. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. മൂന്നു പൊലീസ് ജീപ്പുകള്‍ ഗുണ്ടാസംഘം തകര്‍ത്തു. ആറു ഗുണ്ടകളെ പൊലീസ് സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 2.30തോടെയായിരുന്നു ഗുണ്ടകളുടെ വിളയാട്ടം. രണ്ടു മണിക്കൂറോളം ആക്രമണം തുടര്‍ന്നു. ഒന്‍പത് ഗുണ്ടകള്‍ക്കായി തെരച്ചില്‍ തുടരുന്നു.

പൊലീസിനെ ആക്രമിച്ച ഗുണ്ടകള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ കഴിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. മാനസികാരോഗ്യ ചികില്‍സ തേടുന്നവര്‍ക്കു നല്‍കുന്ന ഗുളികകള്‍ സ്ഥലത്തു നിന്ന് കണ്ടെടുത്തു. ഈ ഗുളിക കഴിച്ചാല്‍ രോഗികള്‍ തളര്‍ന്നുറങ്ങുകയാണ് പതിവ്. മദ്യത്തിനും കഞ്ചാവിനുമൊപ്പം ലഹരി കിട്ടാന്‍ ഈ ഗുളിക കൂടി കഴിച്ചാണ് സ്വബോധം നഷ്ടപ്പെട്ട് പൊലീസിനെ ആക്രമിച്ചത്.

Signature-ad

ഗുണ്ടാസംഘാംഗത്തില്‍പ്പെട്ട കാട്ടുപറമ്പില്‍ അല്‍ അഹദിലിന്റെ ജന്മദിന പാര്‍ട്ടിക്കാണ് ഗൂണ്ടാസംഘം ഒത്തുചേര്‍ന്നത്. ഇയാളുടെ വീടിനടുത്തുള്ള ഒഴിഞ്ഞ വീട്ടിലും പരിസരത്തുമാണ് 15 ലേറെ പേര്‍ ആഘോഷത്തിനെത്തിയത്. ഗ്രേഡ് എസ്.ഐ ജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാം കുമാര്‍, അജു, ഷിജു, ഷനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ്.ഐ ജയന്റെയും അജുവിന്റെയും പരിക്ക് സാരമുള്ളതാണ്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പില്‍ അല്‍ അഹദില്‍ (18), കാട്ടുപറമ്പില്‍ മുഹമ്മദ് അല്‍ അല്‍ത്താഫ് (34), നെല്ലിക്കുന്ന് പുത്തൂര്‍ തറയില്‍ വീട്ടില്‍ ഇവിന്‍ ആന്റണി (24), മൂര്‍ക്കനിക്കര പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്‌മജിത്ത് (22), നെല്ലിക്കുന്ന് പുത്തൂര്‍ തറയില്‍ വീട്ടില്‍ ആഷ്മിര്‍ ആന്റണി (24), ചെമ്പൂക്കാവ് മറിയ ഭവനിലെ ഷാര്‍ബല്‍ (19) എന്നിവരെയാണ് മണ്ണുത്തി പൊലീസ് പിടികൂടിയത്. ഏറ്റുമുട്ടലുകള്‍ക്കിടെ ഇവര്‍ക്കും പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയശേഷം പ്രതികളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബ്രഹ്‌മജിത്തിന്റെ കൈകാലുകള്‍ ഒടിഞ്ഞ നിലയിലാണ്. ബ്രഹ്‌മജിത്തും ഷാര്‍ബലും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

അല്‍ത്താഫ്, സഹോദരന്‍ അഹദില്‍, ആഷ് വിന്‍, സഹോദരന്‍ ഇവിന്‍ എന്നിവരെയാണ് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നല്ലെങ്കരയില്‍ വാടകയ്ക്കു താമസിക്കുകയാണ് അല്‍ത്താഫ്, അഹദില്‍ സഹോദരന്‍മാര്‍. ഏഴു പേരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ സ്റ്റേഷന്‍ റൗഡിയായ ബ്രഹ്‌മജിത്തിനെതിരെ കൊലക്കേസ് ഉള്‍പ്പെടെ എട്ടു ക്രിമിനല്‍ കേസുകളുണ്ട്.

അതേസമയം, സംഭവത്തില്‍ പരാതി നല്‍കിയത് പ്രതികളായ അല്‍ത്താഫിന്റെയും അഹദിലിന്റെയും അമ്മയാണ്. അല്‍ത്താഫും അഹദും ചേര്‍ന്ന് നല്‍കിയ പാര്‍ട്ടിയിലാണ് മറ്റുള്ളവര്‍ എത്തിയത്. പുലര്‍ച്ചെ മൂന്നു മണിക്ക് വീടിന്റെ വാതില്‍ പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ മക്കളും കൂട്ടാളികളും ശ്രമിച്ചപ്പോഴായിരുന്നു അമ്മ പൊലീസിനെ വിളിച്ചത്. മക്കളും ഗുണ്ടകളും ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അമ്മയുടെ പരാതി. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസിനെ സംഘം ആക്രമിക്കുകയായിരുന്നു. പൊലീസ് വന്ന ശേഷം അമ്മ വീടിനു പുറത്തിറങ്ങിയോടി അടുത്ത വീട്ടില്‍ അഭയം തേടി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: