മത സംഘടനകള്‍ക്ക് ആടിനെ പട്ടിയാക്കുന്ന സമീപനം; സൂംബ ശാരീരികമാനസിക ക്ഷേമത്തിന്; മുന്നോട്ടു തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി; അല്‍പ വസ്ത്രം ധരിക്കാന്‍ ആരോടും പറഞ്ഞിട്ടില്ല; മുസ്ലിം ലീഗിന്റെ നിലപാട് ഇന്നറിയാം

സംസ്ഥാനത്തെ സ്കൂളുകളില്‍ സൂംബ നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കൂട്ടികള്‍ സൂംബ ചെയ്യുന്നത് യൂണിഫോം ധരിച്ചാണ്. അതാണ് ഡ്രസ് കോഡ്. അല്‍പ വസ്ത്രം ധരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എതിര്‍പ്പുന്നയിക്കുന്നവരുടെ വാദങ്ങള്‍ വര്‍ഗീയതയ്ക്ക് വളം വയ്ക്കുകയേള്ളൂ. മതസംഘടനകളുടേത് ആടിനെ പട്ടിയാക്കുന്ന നിലപാടാണ്. എതിര്‍ക്കുന്നവരുമായി ചര്‍ച്ചയാകാമെന്നും മന്ത്രി നിലപാട് വ്യക്തമാക്കി.
അതേസമയം, സൂംബാ ഡാൻസ് വിവാദത്തിൽ മുസ്‌ലിം ലീഗ് ഇന്ന് പ്രതികരിച്ചേക്കും. വിഷയം പഠിക്കുകയാണെന്നും ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്നും ഇന്നലെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു. സൂംബാ ഡാൻസിനെ വിമർശിച്ച സമസ്തയുടെ നിലപാട് അംഗീകരിക്കുന്ന മുസ്‌ലിം ലീഗ് സൂംബാ ഡാൻസ് സാംസ്കാരിക ബോധത്തിനെതിരാണെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തിയ ശേഷമാകും ലീഗ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുക.