
ന്യൂഡല്‍ഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ നാവികസേന ജീവനക്കാരന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ യാദവ് ആണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ വ്യോമസേനയുടെ ആസ്ഥാനത്ത് ഡയറക്ടറേറ്റ് ഒഫ് ഡോക്യാര്‍ഡിലെ ക്‌ളര്‍ക്കായിരുന്നു ഇയാള്‍. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്കുവേണ്ടി വര്‍ഷങ്ങളായി ഇയാള്‍ വിവരം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്തും വിശാല്‍ പാകിസ്ഥാന് വിവരം കൈമാറിയതായി കണ്ടെത്തി.
വിശാലിനെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. രാജസ്ഥാന്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ്. നാവികസേന, മറ്റ് പ്രതിരോധ യൂണികള്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള രേഖകള്‍ ഇയാള്‍ പാകിസ്ഥാനിലെ ഒരു യുവതിക്കാണ് കൈമാറിയത്. സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് വിശാല്‍ പ്രിയ ശര്‍മ എന്ന യുവതിയുമായി ബന്ധപ്പെട്ടിരുന്നത്. പണത്തിനുവേണ്ടിയാണ് ഇയാള്‍ ചാരവൃത്തി നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ ചാരപ്രവൃത്തികള്‍ രാജസ്ഥാന്റെ സിഐഡി ഇന്റലിജന്‍സ് യൂണിറ്റ് നിരീക്ഷിച്ച് വരികയാണെന്നും ഇതിന്റെ ഭാഗമായാണ് വിശാല്‍ അറസ്റ്റിലായതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായ വിശാല്‍ തന്റെ സാമ്പത്തിക ബാദ്ധ്യതകള്‍ വീട്ടാനാണ് പാകിസ്ഥാന് രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്തിയത്. ക്രിപ്റ്റോകറന്‍സി ട്രേഡിംഗ് അക്കൗണ്ടിലൂടെയാണ് ഇയാള്‍ പണം സ്വീകരിച്ചിരുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.