
കഴിഞ്ഞ ചൊവ്വാഴ്ച ഇടുക്കി ചെല്ലാർ കോവിലിൽ ബൈക്കപകടത്തിൽ മരിച്ച ഷാനറ്റ് ഷൈജു എന്ന 18 കാരന് അണക്കര ഒലിവുമല സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ യാത്രാമൊഴി. കൂട്ടുകാരും വിദ്യാർഥികളുമായ ഷാനറ്റ് ഷൈജുവും അലനും ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒരാഴ്ച മുമ്പ്. തൊട്ടടുത്ത ദിവസം അലന്റെ സംസ്കാരം നടത്തി.
കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിലായ അമ്മ ജിനു തിരികെ എത്താൻ വൈകിയതു കൊണ്ട് ഷാനറ്റിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. രണ്ടര മാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. പക്ഷേ വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാതെ വരികയും ജോലിഭാരവും മൂലം തുടരാൻ കഴിയാത്ത സ്ഥിതി സംജാതമായി.

ഏജൻസിയുടെ ചതിയിൽ തുടർന്ന് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ മലയാളി അസോസിയേഷൻ്റെ സഹായത്തോടെ താൽക്കാലിക പാസ്‌പോർട്ട് എടുത്താണ് ജിനുവിനെ നാട്ടിലെത്തിച്ചത്.
അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങിയാണ് ഷാനറ്റ് യാത്രയായത്. അമ്മ കൊണ്ടുവന്ന സമ്മാനത്തിനു കാത്തുനിൽക്കാതെ, നിറമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി ആ കൗമാരക്കാരൻ വിടചൊല്ലി.
ഒരു സ്മാർട് വാച്ച് ഷാനറ്റിന്റെ വലിയ ആഗ്രഹമായിരുന്നു. അമ്മ ജിനു ആദ്യ ശമ്പളത്തിൽനിന്നു മകനു സ്മാർട് വാച്ച് വാങ്ങി. നാട്ടിൽ എത്തിയപ്പോൾ പക്ഷേ, മകന്റെ ചേതനയറ്റ ശരീരമാണ് അമ്മയെ കാത്തിരുന്നത്. ആ വാച്ച് മകന്റെ മൃതദേഹത്തിൽ വച്ചാണ് അമ്മ യാത്രയാക്കിയത്. കണ്ടു നിന്നവരെ ആകെ കണ്ണീരിലാഴ്ത്തിയ ദു:ഖ സാന്ദ്രമായിരുന്നു ആ നിമിഷങ്ങൾ.