
ടെഹ്‌റാന്‍: അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ കടുത്ത പ്രത്യാക്രമണം തുടങ്ങിയ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്നും പ്രഖ്യാപിച്ചു. ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കാന്‍ ശേഷിയുള്ള നീക്കമായി ഇതിനെ വിലയിരുത്താമെങ്കിലും ഇറാന് ഇതില്‍ എത്രത്തോളം സാധ്യതയെന്നത് അവ്യക്തമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്‍ പറഞ്ഞു.
എന്നാല്‍, സാമ്പത്തികമായും സൈനികമായും അശക്തരായ ഇറാന് അധികനാള്‍ യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അത്യാധുനിക സംവിധാനങ്ങളുമായാണ് അമേരിക്കയും ഇസ്രയേലും ഇറാനു മുകളില്‍ ശക്തമായ വ്യോമാക്രമണം തുടരുന്നത്. മൊസാദിന്റെ ചാരപ്രവര്‍ത്തനത്തിന്റെയും സാറ്റലൈറ്റുകള്‍ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേലിന്റെ നീക്കങ്ങള്‍.

അതേസമയം ഇറാന്‍ കൈയയച്ച് സഹായിച്ചിരുന്ന ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും ഹമാസിനും തിരിച്ചടിക്കാനുള്ള കാര്യമായ ശേഷിയില്ല. ഹൂതികള്‍ കപ്പലുകള്‍ ആക്രമിച്ചു തുടങ്ങിയതോടെ അമേരിക്ക ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കില്ലെന്ന കരാറിലെത്തിക്കാനും യുഎസിനു കഴിഞ്ഞു. അതേസമയം, ഇറാന്റെ തന്ത്രങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന മുന്‍നിര നേതൃത്വത്തെയെല്ലാം ഇസ്രയേല്‍ വധിച്ചു. ഒപ്പം ഇറാന്റെ കുന്തമുനയെന്നു പറയുന്ന മിസൈലുകളില്‍ ഭൂരിഭാഗവും ഇസ്രയേല്‍ തകര്‍ത്തു. മിസൈല്‍ ലോഞ്ചറുകളും യുദ്ധ വിമാനങ്ങളും വ്യാപകമായി തകര്‍ത്തിട്ടുണ്ട്.
തിരിച്ചടിക്കാന്‍ മൂന്ന് മാര്‍ഗങ്ങളാണ് ഇറാനു മുന്നിലുള്ളത്. ഒന്ന് ഇസ്രയേലില്‍ നിലവില്‍ നടത്തുന്ന വ്യോമാക്രമണം കടുപ്പിക്കുക. മിഡില്‍ ഈസ്റ്റിലെ 19 അമേരിക്കന്‍ മിലിട്ടറി ബേസുകളില്‍ ആക്രമണം നടത്തുക. മൂന്നാമത്തേതാണ് ലോകത്തെയാകെ ആശങ്കയിലാക്കുന്നത്. പലവട്ടം ഇറാന്‍ ഭീഷണി മുഴക്കിയിട്ടുള്ള ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുക. ലോകത്തെ എണ്ണവ്യാപാരത്തിന്റെ 25 ശതമാനവും നടക്കുന്ന സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മൂസ് അടച്ചാല്‍ ഇറാഖ്, കുവൈത്ത്, ഖത്തര്‍, യുഎഇ, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുറത്തേക്കുള്ള എണ്ണനീക്കം നിലയ്ക്കും. ഇതോടെ എണ്ണവില കുതിച്ചുയരും.
യുഎസില്‍ വാഷിങ്ടണിലും, ന്യൂയോര്‍ക്കിലുമടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുഎസ് ബേസുകള്‍ക്ക് നേരെ ഇറാന്‍ നീക്കം നടത്തിയാല്‍ അമേരിക്കയുടെ തുടര്‍നീക്കം ശക്തമായിരിക്കും. പ്രത്യാക്രമണത്തിന് മുതിരാതെ ഇറാന്‍ നയതന്ത്രനീക്കം നടത്തുകയാണ് തല്‍ക്കാലം ഇറാനു മുന്നിലുള്ള സുരക്ഷിതമാര്‍ഗം. അതിനുള്ളസാധ്യത വിദൂരമാണ് താനും.
ഇറാനെതിരായ ആക്രമണം ഭരണമാറ്റം ലക്ഷ്യമിട്ടല്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായെന്നും എന്നാല്‍ സൈനികരെയോ സാധാരണ ഇറാന്‍ പൗരന്മാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഇറാന്‍ തിരിച്ചടിക്കുകയാണെങ്കില്‍ ശക്തമായി നേരിടുമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ മിന്നലാക്രമണം. ദൗത്യം വിജയമെന്ന് വിശദീകരിച്ച ഡോണള്‍ഡ് ട്രംപ് പൊടുന്നനെയുളള നീക്കത്തിന്റെ കാരണം വിശദീകരിച്ചില്ല. ആക്രമണം സ്ഥിരീകരിച്ച ഇറാന്‍ ആണവോര്‍ജ ഏജന്‍സി ആണവച്ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.
നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളിലേക്ക് അപ്രതീക്ഷിതമായിരുന്നു അമേരിക്കയുടെ ആക്രമണം. പസഫിക്കിലെ ഗുവാം ഐലന്‍ഡില്‍ നിന്ന് അമേരിക്കന്‍ ബി 2 വിമാനങ്ങള്‍ റഡാറുകളെ വെട്ടിച്ച് പറന്നു. അന്‍പതിനായിരം അടി ഉയരത്തില്‍നിന്ന് ആണവകേന്ദ്രങ്ങള്‍ ഉന്നമിട്ട് കനത്ത പ്രഹരശേഷിയുള്ള ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിട്ടു. യുദ്ധവിമാനങ്ങളില്‍ മടങ്ങിയതിന് പിന്നാലെ ദൗത്യം വിജയകരമെന്ന് വിശദീകരിച്ച ട്രംപ്, തല്‍ക്കാലം നിര്‍ത്തുന്നുവെന്നും ഇറാന്‍ സമാധാനത്തിന് തയാറാകണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കന്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ്. മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അമേരിക്കയുടെ ദൗര്‍ബല്യമെന്ന് പറഞ്ഞ ഇറാന്‍, അമേരിക്കന്‍ ആക്രമണത്തില്‍ ഫോര്‍ദോ ആണവകേന്ദ്രത്തിന് നാശമുണ്ടായില്ലെന്നും അവകാശപ്പെട്ടു. റഷ്യന്‍ ഇടപെടല്‍ തേടി ഇറാന്‍ വിദേശകാര്യമന്ത്രി മോസ്‌കോയിലേക്ക് തിരിച്ചു.