Breaking NewsNEWSWorld

അബ്ബാസ് അറാഗ്ചിയെ വധിക്കാനുള്ള ഇസ്രയേൽ ശ്രമം തകർത്ത് ഇറാൻ, യുഎസ് ഇസ്രയേലിന്റെ ക്രൈം പാർട്നർ, ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി ചർച്ചക്കില്ല!! ഇറാൻ വിഷയം ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്ക- യാസ്സമിൻ അൻസാരി

ടെഹ്റാൻ: ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി യാതൊരു വിധ ചർച്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൂടാതെ ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’ ആണ് യുഎസ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇറാൻ ആക്രമണത്തിനായി ജനവാസ മേഖലകൾ തിരഞ്ഞെടുക്കാറില്ലെന്നും എന്നാൽ ഇസ്രയേൽ ഗാസയിലെ ആശുപത്രികളടക്കം മനഃപൂർവം ലക്ഷ്യമിടുന്നുവെന്നും അറാഗ്ചി പറഞ്ഞു. അതേസമയം, അറാഗ്ചിയെ വധിക്കാനുള്ള ഇസ്രയേലിന്റെ ശ്രമം ഇറാൻ സുരക്ഷാ സേന പൊളിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. അറാഗ്ചിയുടെ ഉപദേഷ്ടാവായ മുഹമ്മദ് ഹുസൈൻ റൻജ്ബറാൻ എക്സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജനീവയിൽ വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ അറാഗ്ചി പുറപ്പെടുന്നതിനുമുൻപായിരുന്നു വെളിപ്പെടുത്തൽ.

Signature-ad

അതേസമയം, ജനീവയിൽ അറാഗ്ചിയും യുകെ, ഫ്രാൻസ്, ജർമനി രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ജോൻ–നോയൽ ബാഹോ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുമായി ചർച്ച നടത്തി. ഇറാനുമായി ഏതുനിമിഷവും നേരിട്ട് ബന്ധപ്പെടാൻ യുഎസ് തയാറാണെന്ന് റൂബിയോ അറിയിച്ചതായി ഫ്രാൻസുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളിൽ നയതന്ത്രപരമായി പരിഹാരം കാണുകയാണ് ജനീവയിലെ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനിടെ, ഇറാൻ വിഷയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയിൽ അങ്ങേയറ്റം ആശങ്കയുണ്ടെന്ന് യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗവും ഇറാനിയൻ വംശജയുമായ യാസ്സമിൻ അൻസാരി പറഞ്ഞു. യുഎസ് കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗവുമാണ് അൻസാരി. ‘‘പ്രസിഡന്റ് ഓരോ ദിവസവും തന്റെ അഭിപ്രായം മാറ്റിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ആരും വിശ്വസിക്കുന്നുപോലുമില്ല. നയതന്ത്ര വഴിയിലൂടെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കണം. അമേരിക്കൻ സൈനികരുടെ ജീവൻ അനാവശ്യമായി നഷ്ടപ്പെടുത്തരുത്’’ – അൻസാരി ബിബിസിയോടു പറഞ്ഞു.

Back to top button
error: