ആര്‍എസ്എസുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ല; എം.വി. ഗോവിന്ദനെ തിരുത്തി പിണറായി വിജയന്‍; തെരഞ്ഞെടുപ്പു കാലത്ത് സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി; വി.ഡി. സതീശനെയും സുധാകരനും ഒളിയമ്പ്

തിരുവനന്തപുരം: ആർ.എസ്.എസുമായി സി.പി.എമ്മിന് ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മുൻ പ്രസ്താവനയെ തിരുത്തിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സി.പി.എം സഹകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശാല ഐക്യമുന്നണി കോൺഗ്രസിനെതിരെയായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ജനതാപാർട്ടിയോട് സി.പി.എം സഹകരിച്ചിട്ടുണ്ട്. എന്നാൽ, ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ സി.പി.എം ജനതാപാർട്ടിയിൽ ലയിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

രാജ്ഭവനെ ആർ.എസ്.എസ് ശാഖയായി തരംതാഴ്ത്തരുതെന്ന് ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത് സർക്കാരിന്‍റെ നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോരുത്തരുടെയും താൽപര്യമനുസരിച്ച് ചിത്രങ്ങൾ വെക്കരുതെന്നും ആർ.എസ്.എസ് ചിഹ്നങ്ങൾ ആർ.എസ്.എസുകാർ കൊണ്ടുനടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.