Breaking NewsCrimeLead NewsNEWS

മൂടിക്കെട്ടിയ ലോറിയില്‍ നിറയെ നായ്ക്കളുമായി അഞ്ചംഗസംഘം; തടഞ്ഞുവച്ച് നാട്ടുകാര്‍, പ്രതിഷേധം

കൊല്ലം: കൊട്ടാരക്കര മേലില പഞ്ചായത്തിലെ മാക്കന്നൂരില്‍ ലോറിയില്‍ നായ്ക്കളുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു മാക്കന്നൂര്‍ കിണറ്റിന്‍കര മേഖലയില്‍ മൂടിക്കെട്ടിയ ലോറിയില്‍ നായ്ക്കളുമായി സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പില്‍ നായ്ക്കളെ ഉപേക്ഷിക്കാന്‍ എത്തിയെന്നാരോപിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നും ഒഴിപ്പിച്ച നായ്ക്കളെയാണ് മേലിലയില്‍ എത്തിച്ചത്. മേലില സ്വദേശിയായ സ്ത്രീ നായകള്‍ക്കായി സുരക്ഷിത ഇടം നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് ഇവരെത്തിയത് എന്നും കേസില്‍പ്പെട്ടു കിടക്കുന്ന പതിമ്മൂന്നേക്കറോളം സ്ഥലത്ത് ഇവയെ തുറന്നുവിടാനുള്ള നീക്കമായിരുന്നു എന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ കോന്നിയിലേക്കു നായ്ക്കളെ കൊണ്ടുപോകുന്നതിനിടെ ഗൂഗിള്‍മാപ്പ് ഉപയോഗിച്ചപ്പോള്‍ വഴിതെറ്റിയാണ് മേലിലയില്‍ എത്തിയതെന്നാണ് ഇവരുടെ വാദം.

Signature-ad

ഇടുങ്ങിയ പാതയില്‍ കുടുങ്ങിയ ലോറിയില്‍ നിന്നും പെട്ടിയോട്ടോയിലേക്ക് നായ്ക്കളെ മാറ്റുന്നതിനിടെ കുറച്ചെണ്ണം ചാടിപ്പോവുയും ചെയ്തതോടെ നാട്ടുകാര്‍ കൂട്ടംകൂടി പ്രതിഷേധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി. തുറന്നുവിട്ട നായ്ക്കളില്‍ കുറച്ചെണ്ണത്തിനെ വീണ്ടും ഓടിച്ചിട്ടുപിടിച്ച് ലോറിയില്‍ കയറ്റുകയും ചെയ്തു. സംഭവം മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനും വഴിവച്ചു. ഒടുവില്‍ ലോറിയോടെ നായ്ക്കളെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് ഇടപെട്ട് പ്രദേശത്ത് നിന്നും തിരിച്ചയക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തില്ല.

Back to top button
error: