IndiaNEWS

ഭാരതം തേങ്ങുന്നു: അഹമ്മദാബാദ്  വിമാനാപകടത്തിൽ  242 പേരും മരിച്ചു; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും

    അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നുണ്ടായ അപകടത്തിൽ 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത്  മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആർ. രൂപാണിയും (69) ഉണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിതയും വിമാനത്തിൽ ഉണ്ടാണ്ടായിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ്  വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.43നായിരുന്നു അപകടം

Signature-ad

രണ്ട് പൈലറ്റുമാരും 10 കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നു വീണ് അഗ്നിഗോളമായി മാറി.

പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആളപായം സംബന്ധിച്ച പൂർണ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
വിജയ് രൂപാണി ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു. ഗുജറാത്തിലെ 16-ാമത് മുഖ്യമന്ത്രിയായിരുന്നു.  അഞ്ജലി രൂപാണിയാണ് ഭാര്യ. മക്കൾ: പുജിത്, ഋഷഭ്, രാധിക.

1996 മുതൽ 97 വരെ രാജ്കോട്ട് മേയറായിരുന്ന വിജയ് രൂപാണി 2006 ൽ ഗുജറാത്ത് ടൂറിസം ചെയർമാനായി. പിന്നീട് നാലു വട്ടം ബിജെപിയുടെ ഗുജറാത്ത്  ജനറൽ സെക്രട്ടറിയായി. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2014-ൽ ആനന്ദിബെൻ പട്ടേലിന്റെ മന്ത്രിസഭയിൽ ജലം, ഗതാഗതം, തൊഴിൽ, എന്നീ വകുപ്പുകളുടെ മന്ത്രിയായി. അതിനുശേഷം ഗുജറാത്ത് ബിജെപിയുടെ പ്രസിഡന്റായി. 2016 ഓഗസ്റ്റ് 7 ന് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2021 സെപ്റ്റംബർ 11 ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു.

Back to top button
error: