കയറിപ്പിടിച്ചും ബലമായി ചുംബിച്ചും അതിക്രമം, യുവതിയുടെ ചുണ്ട് മുറിഞ്ഞു; ഞെരമ്പന്‍ പ്രതി പിടിയില്‍

ബെംഗളൂരു: നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ബനസവാഡി നിവാസിയായ എസ്. മദനെ(37)യാണ് ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു മില്‍ട്ടണ്‍ പാര്‍ക്കില്‍വെച്ച് ഇയാള്‍ രണ്ട് സ്ത്രീകളെ കയറിപിടിക്കുകയും ബലംപ്രയോഗിച്ച് ചുംബിക്കുകയും ചെയ്‌തെന്നാണ്.
ജൂണ്‍ ആറാം തീയതി വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. മില്‍ട്ടണ്‍ പാര്‍ക്കിലെത്തിയ 41 വയസ്സുകാരിയായ വീട്ടമ്മയ്ക്ക് നേരേയായിരുന്നു യുവാവ് ആദ്യം അതിക്രമം കാട്ടിയത്. സുഹൃത്തിനും കുട്ടിയ്ക്കും ഒപ്പം പാര്‍ക്കിലെത്തിയ വീട്ടമ്മയെ പ്രതി തുറിച്ചുനോക്കുകയും പിന്തുടര്‍ന്ന് ചുംബിക്കുകയുമായിരുന്നു. മരത്തിന് പിറകിലേക്കുനിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും ഇയാള്‍ പിന്തുടര്‍ന്നെത്തി ചുംബിച്ചെന്നായിരുന്നു സ്ത്രീയുടെ പരാതി. ‘വരൂ, ഞാന്‍ സിംഗിളാണ്, എന്നെ കെട്ടിപ്പിടിക്കൂ’ എന്ന് പറഞ്ഞാണ് പ്രതി അടുത്തേക്ക് വന്നതെന്നും സ്ത്രീയുടെ പരാതിയിലുണ്ടായിരുന്നു.

അതിക്രമം നേരിട്ടതിന് പിന്നാലെ വീട്ടമ്മ ബഹളംവെച്ച് ഓടിമാറി ആളുകളെ വിവരമറിയിച്ചു. ഈ സമയം നൂറുമീറ്ററോളം അകലെവെച്ച് പ്രതി മറ്റൊരു യുവതിക്ക് നേരേയും അതിക്രമം കാട്ടി. പാര്‍ക്കിലൂടെ നടന്നുപോവുകയായിരുന്ന 28-കാരിയെ കയറിപിടിച്ചും ബലംപ്രയോഗിച്ച് ചുംബിച്ചുമാണ് പ്രതി ഉപദ്രവിച്ചത്. അതിക്രമത്തിനിടെ യുവതിയുടെ ചുണ്ടില്‍ മുറിവേറ്റു. യുവതി ബഹളംവെച്ചതോടെ പ്രതി ഓടിരക്ഷപ്പെടുകയും പിന്നീട് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
അതിനിടെ, ഓടിരക്ഷപ്പെടുന്നതിനിടെ പ്രതി സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ‘പോകൂ, പോയി പോലീസില്‍ പരാതി നല്‍കൂ, എനിക്ക് ആരെയും ഭയമില്ല’ എന്ന് കന്നഡയില്‍ ഉറക്കെ പറഞ്ഞാണ് പ്രതി ഓടിരക്ഷപ്പെട്ടതെന്നും സ്ത്രീകള്‍ ആരോപിച്ചു.
സംഭവമറിഞ്ഞ് പോലീസിന്റെ രണ്ട് പട്രോളിങ് വാഹനങ്ങള്‍ ഉടന്‍തന്നെ സ്ഥലത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വന്നതും തിരികെമടങ്ങിയതും ബസിലാണെന്ന് വ്യക്തമായി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബനസവാഡിയിലെ വീട്ടില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മാതാപിതാക്കള്‍ക്കും ഇളയസഹോദരിക്കും ഒപ്പമാണ് അവിവാഹിതനായ മദന്‍ താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തേ ഒരു സ്വകാര്യകമ്പനിയില്‍ ജോലിചെയ്തിരുന്ന ഇയാള്‍ കടുത്ത വിഷാദം കാരണം ജോലി രാജിവെച്ചിരുന്നു. സ്റ്റേഷനിലെത്തിച്ചശേഷവും പ്രതി പരാക്രമം കാട്ടിയതായും പോലീസുകാരെ അസഭ്യംപറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്ചെയ്തു.