അടുത്ത ബിജെപി ദേശീയ പ്രസിഡന്റ് ആര്? പ്രഖ്യാപനം ജൂണ്‍ 21നുശേഷം; ധര്‍മേന്ദ്ര പ്രധാനും ശിവരാജ് സിംഗ് ചൗഹാനും മനോഹര്‍ ലാല്‍ ഖട്ടറും സജീവ പരിഗണനയില്‍; 10 സംസ്ഥാന പ്രസിഡന്റുമാരെയും മാറ്റും; ജെ.പി. നദ്ദയുടെ ഭാവിയും ചര്‍ച്ചാ വിഷയം; നിര്‍ണായക സൂചന നല്‍കി ദേശീയ മാധ്യമങ്ങള്‍
ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ചു മൂന്നു പേരുകളാണു ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. അനുഭവ സമ്പത്ത്, ജാതി, പ്രാദേശിക പ്രാധാന്യം എന്നിവയാണു പരിഗണിക്കുക.

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ബിജെപി അടുത്ത ദേശീയ പ്രസിഡന്റിനെ നിയമിക്കാനുള്ള നീക്കത്തിലേക്ക്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ലെങ്കിലും ഈ മാസം പകുതിക്കുശേഷം ജെ.പി. നദ്ദയ്ക്കുശേഷം ആരെന്ന ചര്‍ച്ചകള്‍ ഉയരും.
ബിജെപി മിക്ക സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 70 ജില്ലാ പ്രസിഡന്റുമാരെ അടുത്തിടെ നിയമിച്ചത് കേന്ദ്ര നേതൃത്വത്തില്‍നിന്ന് തീരുമാനം ഉടനുണ്ടാകുമെന്ന സൂചനകളാണു നല്‍കുന്നത്. നേരത്തേതന്നെ ഇക്കാര്യത്തില്‍ തീരുമാനമാകേണ്ടതാണെങ്കിലും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ അല്‍പം വൈകി. നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് അമിത് ഷാ, മോഡി എന്നിവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ചു മൂന്നു പേരുകളാണു ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. അനുഭവ സമ്പത്ത്, ജാതി, പ്രാദേശിക പ്രാധാന്യം എന്നിവയാണു പരിഗണിക്കുക.
ഒഡീഷയില്‍ നിന്നുള്ള സ്വാധീനമുള്ള ഒബിസി നേതാവും ശക്തമായ സംഘടനാ ചരിത്രവുമുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, മധ്യപ്രദേശിന്റെ ദീര്‍ഘകാല മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അടുത്തിടെ കേന്ദ്ര മന്ത്രിസഭയിലേക്കു മാറിയ മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരാണു സജീവ പരിഗണനയില്‍. ഒബിസി നേതാവ് എന്നതുതന്നെയാണു ധര്‍മേന്ദ്രയ്ക്കുള്ള മെറിറ്റ്. താഴെത്തട്ടില്‍ അനുഭവ സമ്പത്തുള്ള നേതാവെന്ന നിലയിലാണു ശിവരാജ് സിംഗ് ചൗഹാനെ പരിഗണിക്കുന്നത്. ഭരണ സ്ഥിരതയുടെ പര്യായയമായി കാണുന്നതിനാല്‍ മനോഹര്‍ലാല്‍ ഖട്ടറും പട്ടികയിലുണ്ട്.
നദ്ദയ്ക്ക് എന്ത് സംഭവിക്കുന്നു?
നിലവിലെ ദേശീയ പ്രസിഡന്റ് ജെ പി നദ്ദ 2020 ജനുവരി മുതല്‍ ബിജെപിയെ നയിച്ചുവരികയാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതിന് അദ്ദേഹത്തിന്റെ കാലാവധി നീട്ടി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അവസാനിച്ചതിനാല്‍, സാധ്യമായ നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. നാമനിര്‍ദ്ദേശങ്ങള്‍, സൂക്ഷ്മപരിശോധന, ആവശ്യമെങ്കില്‍ വോട്ടിംഗ് എന്നിവയുള്‍പ്പെടെയുള്ള ആന്തരിക പ്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. നദ്ദ വീണ്ടും മുഴുവന്‍ കാലാവധിക്ക് മത്സരിക്കുമോ അതോ പാര്‍ട്ടി പുതിയ നേതൃത്വം തിരഞ്ഞെടുക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്.
എന്തുതന്നെയായാലും ജൂലൈ 21ന് പാര്‍ലമെന്റ് സെഷന്‍ ആരംഭിക്കുന്നതിനു മുമ്പ് ബിജെപി നടപടികള്‍ പൂര്‍ത്തിയാക്കും. ജൂണ്‍ 21നു ശേഷം പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം ഏതു സമയത്തുമുണ്ടാകും. ബിജെപി ദേശീയ കൗണ്‍സില്‍ ചേര്‍ന്നാണു പുതിയ നേതാവിനെ പ്രഖ്യാപിക്കുക. ഇതോടൊപ്പം പത്തു സംസ്ഥാനങ്ങളില്‍ പുതിയ പ്രസിഡന്റിനെയും പ്രഖ്യാപിക്കും.
നിലവില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ 11 വര്‍ഷം പൂര്‍ത്തിയാക്കി. നദ്ദയ്ക്കു കാലാവധി നീട്ടി നല്‍കുമോ എന്നതും രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണു കാത്തിരിക്കുന്നത്. നദ്ദയുടെ കാലയളവില്‍ പാര്‍ട്ടിക്കു കാര്യമായ ക്ഷീണം സംഭവിച്ചില്ലെങ്കിലും പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷം നേടാനായില്ല. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനു ശ്രമിച്ച ബിജെപിക്കു ഘടക കക്ഷികളുടെ പിന്തുണയോടെയാണു ഭരിക്കാന്‍ കഴിഞ്ഞത്. ഇവരുടെ സമ്മര്‍ദത്തിന്റെ പിടിയില്‍തന്നെയാണു സര്‍ക്കാര്‍. ചന്ദ്രബാബു നായിഡുവിനു ബജറ്റില്‍ വന്‍ തുകകള്‍ അനുവദിച്ചതടക്കം ഈ കക്ഷികളുടെ സമ്മര്‍ദത്താലാണ്.