വഴിക്കടവിലെ വിദ്യാര്‍ഥി അനന്തുവിന്റെ മരണത്തിന് കാരണം ചില വ്യക്തികള്‍; വൈദ്യുതി കണക്ഷന്‍ എടുത്തത് ശരിയായിട്ടല്ല; സംഭവം രാഷ്ട്രീയവത്കരിക്കാന്‍ ഇല്ലെന്നും കെ. മുരളീധരന്‍; എടുത്തുചാടി പ്രതിഷേധിച്ചതില്‍ വി.എസ്. ജോയിക്കും അതൃപ്തി

കോഴിക്കോട്: വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണക്കാര്‍ ചില വ്യക്തികളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വൈദ്യുതി കണക്ഷനെടുത്തത് ശരിയായിട്ടല്ല. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കാനില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
വഴിക്കടവില്‍ അപകടം നടന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡില്ലായിരുന്നു. നിലമ്പൂരില്‍ മാത്രമല്ല, മറ്റെല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ദില്ലിയില്‍ പോയിട്ടും ഒന്നും നടന്നില്ല. രാഷ്ട്രീയം നോക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. എന്നാല്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ പക്വതയില്ലാതെ പെരുമാറുകയാണ്.

സംസ്ഥാനം എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവക്കുന്നു. വ്യക്തികള്‍ നടത്തുന്ന ശ്രമമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന തരംതാണത്. കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ പ്രതിഷേധമാണ് ഇന്നലെ നിലമ്പൂര്‍ ആശുപത്രിക്ക് മുന്നില്‍ കണ്ടത്. അല്ലാതെ സംഭവത്തെ യുഡിഎഫ് ഒരിക്കലും രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കും പ്രശ്‌നത്തില്‍ എടുത്തുചാടിയുള്ള പ്രതികരണത്തില്‍ അമര്‍ഷമുണ്ടെന്നാണു വിലയിരുത്തുന്നത്. പ്രതിഷേധം നടത്തുന്നതിനുമുമ്പ് പ്രസിഡന്റിനെ അറിയിച്ചില്ല. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ഉടനടി പ്രതിഷേധത്തിന് ഇറങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ വ്യക്തി ആദ്യം വിളിച്ചത് കോണ്‍ഗ്രസ് നേതാവിനെയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിക്കാനോ സോഷ്യല്‍ മീഡിയയില്‍ നിലപാട് അറിയിക്കാനോ വി.എസ്. ജോയി മുതിര്‍ന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും അതൃപ്തി അറിയിച്ചെന്നാണു വിവരം.