ഐപിഎല്‍ 2025 ട്രെന്‍ഡ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം; ഇഞ്ചോടിഞ്ച് ആവേശമില്ല; ഓഫ് സ്പിന്നര്‍മാര്‍ കളത്തിനു പുറത്ത്; 200 റണ്‍സ് നേടിയാലും വലിയ ഗുണമില്ല; ഹോം മത്സരങ്ങളില്‍ ടീമുകള്‍ പൊളിഞ്ഞു പാളീസായി; കളിക്കാരെല്ലാം ‘കൂള്‍’; ആകെ നോക്കിയാല്‍ കഴിഞ്ഞത് തണുപ്പന്‍ സീസണോ?

ബംഗളുരു: പതിനെട്ടു വര്‍ഷത്തിനുശേഷം ആദ്യമായി കിരീടവുമായി മടങ്ങിയ ആര്‍സിബിയും ചെറിയ പാളിച്ചകള്‍കൊണ്ടു കിരീടം കൈപ്പിടിയില്‍നിന്നു പോയ പഞ്ചാബും ഈ സീസണിലാകെ മികച്ച പ്രകടനമാണ് നടത്തിയത്. വിദേശ താരങ്ങളെ പരമാവധി കുറച്ച്, ഇന്ത്യന്‍ കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ കൂടുതല്‍ പരീക്ഷണങ്ങളും നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിന് മെച്ചമുണ്ടാക്കുന്ന നടപടികളാണു ഫ്രാഞ്ചൈസികള്‍ കൈക്കൊണ്ടതെങ്കിലും ആകെയുള്ള കളികള്‍ എങ്ങനെയെന്നു വിലയിരുത്തിയാല്‍ ആവേശം കുറഞ്ഞു എന്ന മറുപടിയാകും ക്രിക്കറ്റ് വിദഗ്ധന്‍മാര്‍ നല്‍കുക. മുപ്പതിലേറെത്തവണ ആദ്യ ടീം 200 റണ്‍സ് കടത്തിയെങ്കിലും ഭൂരിപക്ഷവും ചേസ് ചെയ്തു എന്നതാണ് മറ്റൊരു കാര്യം. 200 റണ്‍സ് കടക്കുകയെന്നത് ഇനിയുള്ള കാലത്ത് സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ലെന്നും വ്യക്തം.
ഠ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം
ഐപിഎല്‍ 2025-ലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധിപത്യം. അവര്‍ ഒറ്റ സീസണില്‍ 16,000-ത്തിലധികം റണ്‍സ് നേടിയെന്നു മാത്രമല്ല, 150 സ്‌ട്രൈക്ക് റേറ്റിനു മുകളിലുമെത്തി. ഐപിഎല്‍ ചരിത്രത്തില്‍തന്നെ ആദ്യമാണിത്. 29.76 എന്ന ശരാശരിയും ഐപിഎല്‍ സീസണുകള്‍ വച്ചുനോക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്നതാണ്. അണ്‍ക്യാപ്ഡ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവനയും ശ്രദ്ധേയമാണ്. 9 അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ 250-ത്തിലധികം റണ്‍സ് നേടി. 2023നും 2024നും 6 അണ്‍ക്യാപ്ഡ് ബാറ്റര്‍മാരാണ് ഈ നേട്ടം കൈവരിച്ചത്.

2023ല്‍ യശസ്വി ജെയ്‌സ്വാള്‍ നേടിയതിനുശേഷം പ്രഭ്‌സിംറന്‍ സിങ് ഒരു സീസണില്‍ 500ല്‍ അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബാറ്ററായി. പ്രഭ്‌സിംറന്റെ ഓപ്പണിങ് പങ്കാളിയായ പ്രിയാന്‍ഷ് ആര്യ, തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ 450-ത്തിലധികം റണ്‍സ് നേടി. കൂടാതെ, 14 വയസുള്ള ഐപിഎല്‍ അരങ്ങേറ്റക്കാരനായ വൈഭവ് സൂര്യവംശി ടി20 സെഞ്ചുറി നേടുന്ന ഏറ്റവും ചെറുപ്പമുള്ള ബാറ്ററായി റെക്കോര്‍ഡ് സ്ഥാപിച്ചു. അണ്‍ക്യാപ്ഡ് ബാറ്റര്‍മാര്‍ അന്താരാഷ്ട്ര പരിചയമുള്ള ബൗളര്‍മാരെതിരെയും തങ്ങളുടെ പ്രകടനം തെളിയിച്ചു. ഒരു സീസണില്‍ തന്നെ, അണ്‍ക്യാപ്ഡ് ബാറ്റര്‍മാര്‍ 200ല്‍ അധികം സ്ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 20ല്‍ കൂടുതല്‍ റണ്‍സ് നേടി.
ഠ ഹോം അത്ര സുഖമല്ല!
ഈ സീസണില്‍ ഹോം മത്സരങ്ങള്‍ ടീമുകള്‍ക്കു വലിയ ഗുണമുണ്ടാക്കിയില്ല. ഏവേ മത്സരങ്ങളില്‍ കളിച്ചപ്പോഴാണു ടീമുകള്‍ 59 ശതമാനത്തിനു മുകളില്‍ വിജയം നേടിയത്. രണ്ടാം ഹോം സ്‌റ്റേഡിയം ഉള്‍പ്പെടുത്തിയാണ് ഈ കണക്കുകള്‍. എന്നാല്‍, അവസാന 13 മത്സരങ്ങള്‍ പുനക്രമീകരിച്ചപ്പോഴുള്ള ന്യൂട്രല്‍ വേദികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്‍ ചരിത്രത്തില്‍ എവേ സ്‌റ്റേഡിയങ്ങളില്‍ 2023ലും കൂടുതല്‍ ടീമുകള്‍ മികച്ച പ്രകടനം നടത്തി.
ആദ്യ നാലിലെത്താന്‍ ഈ ഘടകം പ്രധാന പങ്കുവഹിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ (ഡിസി) രണ്ടു ഹോം വിജയങ്ങള്‍ വിശാഖപട്ടണത്താണ് ഉണ്ടായത്. ഡല്‍ഹിയില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റു. രാജസ്ഥാന്‍ റോയല്‍സിനെതിരെ സമനിലയിലെത്തിയപ്പോള്‍ സൂപ്പര്‍ ഓവര്‍വഴി ജയിച്ച് രണ്ടു പോയിന്റ് നേടി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചെപൗക്കിലെ ആറ് ഹോം മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണു ജയിച്ചത്. പത്തില്‍ ഏഴു ടീമുകളും അവരുടെ ഹോം മത്സരങ്ങളില്‍ കനത്ത പരാജയം രുചിച്ചു. വിജയശതമാനം ഇവര്‍ക്ക് 50 ശതമാനം മാത്രമാണ്. ഹോം മത്സരങ്ങള്‍ ടീമുകള്‍ക്കു കാര്യമായ ഗുണമുണ്ടാക്കിയില്ലെന്നത് ഇതു തെളിയിക്കുന്നു.
ഹോം മത്സരങ്ങളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ തോറ്റിട്ടും ക്വാളിഫൈ ചെയ്ത ഏക ടീമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) മാറി. എവേ മത്സരങ്ങളാണ് ആര്‍സിബിക്ക് ഗുണം ചെയ്തത്. ഒരു സീസണില്‍ ഏഴ് എവേ മത്സരങ്ങള്‍ ജയിക്കുന്ന ടീമെന്ന നേട്ടവും സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ രണ്ടാമതു ഫിനിഷ് ചെയ്തു. ഇതിനുശേഷം രണ്ടു പ്ലേ ഓഫുകളും കളിച്ചത് ബംഗളുരുവിനു പുറത്താണ്. അവര്‍ ട്രോഫിയും സ്വന്തമാക്കി.
ഠ 200 എന്നത് ഭീഷണിയേയല്ല
ഈ സീസണ്‍ കൂറ്റന്‍ സ്‌കോറുകളുടെ പേരില്‍ ഓര്‍മിക്കപ്പെടില്ലെങ്കിലും മുമ്പത്തേക്കാള്‍ 200 കടക്കുന്നത് ഈ സീസണിലാണ്. അമ്പതിലധികം തവണ ടീമുകള്‍ 200 കടന്നു. 144 പൂര്‍ത്തിയായ മത്സരങ്ങളില്‍ 52 തവണ 200 കടന്നു. 2023ല്‍ 37 തവണയും 2024ല്‍ 41 തവണയും ടീമുകള്‍ 200 കടന്നു. കഴിഞ്ഞ ഏതാനും സീസണുകളിലായി ‘പവര്‍ഹിറ്റിംഗ്’ വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.
200 നേടിയാലും വിജയിക്കില്ലെന്നും ഈ സീസണ്‍ കാട്ടിത്തന്നു. 200 റണ്‍സ് ചേസിംഗില്‍ രണ്ടാമത്തെ ടീം 19 തവണ 200 കടന്നു. ഒമ്പതു തവണ ടീമുകള്‍ വിജയിച്ചു. ഐപിഎല്‍ സീസണുകളില്‍ 200 റണ്‍സ് ചേസ് ചെയ്തു വിജയിക്കുന്നതും ഇക്കുറി കൂടുതലാണ്. 2023ല്‍ എട്ട്, 2024ല്‍ ആറ് എന്നിങ്ങനെയാണ് മുമ്പത്തെ കണക്കുകള്‍. 2015 മുതല്‍ 2022 വരെയുള്ള എട്ട് സീസണുകളില്‍ ആകെ 200 പിന്തുടര്‍ന്ന് എട്ടു മത്സരങ്ങള്‍ മാത്രമാണ് വിജയിച്ചത്.
ഠ ഓഫ് സ്പിന്നര്‍മാര്‍ റഡാറിലില്ല
ഓഫ് സ്പിന്നര്‍മാര്‍ക്ക് ഒരു പ്രധാന്യവും ലഭിക്കാതെപോയ സീസണ്‍ കൂടിയാണ് ഇത്. ഇരുപത് ഓവറുകള്‍ നീളുന്ന ടൂര്‍ണമെന്റില്‍, അവര്‍ക്ക് അത്ര സാദ്ധ്യതയും സ്വാധീനവും ഉണ്ടായില്ല. ഈ സീസണില്‍ സ്പിന്നര്‍മാര്‍ എറിഞ്ഞ പന്തുകളില്‍ ഓഫ്സ്പിന്നര്‍മാര്‍ എറിഞ്ഞത് വെറും 18.59% മാത്രമാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞത്. അവരുടെ ഇക്കോണമി റേറ്റ് 9.01 ആയി ഉയര്‍ന്നു. ആദ്യമായി ഓഫ്സ്പിന്നര്‍മാര്‍ ഓവറില്‍ ഒമ്പതു റണ്‍സില്‍ കൂടുതല്‍ വഴങ്ങി. കഴിഞ്ഞ സീസണില്‍ ഇത് 8.52 ആയിരുന്നു. വിക്കറ്റുകള്‍ നേടുന്നതിലും ഓഫ് സ്പിന്നര്‍മാര്‍ പിന്നിലായി. കഴിഞ്ഞവര്‍ഷം ശരാശരി വിക്കറ്റ് 39.38 ആയിരുന്നെങ്കില്‍ ഇക്കുറി ശരാശരി 31.3 ആയി. കൂടുതല്‍ റണ്‍സ് വഴങ്ങുന്നെന്നു കണ്ടെത്തിയതിനാല്‍ ടീമുകള്‍ കൂടുതലായി അവരെ ഒഴിവാക്കി. ഏതാനും വര്‍ഷങ്ങളായി ഓഫ് സ്പിന്നര്‍മാരുടെ സാന്നിധ്യം കുറഞ്ഞുവരികയാണ്. കഴിഞ്ഞ സീസണില്‍, സ്പിന്നര്‍മാര്‍ എറിഞ്ഞ ആകെ ഓവറുകളില്‍ 22.33% മാത്രമാണ് ഓഫ്സ്പിന്നര്‍മാര്‍ എറിഞ്ഞത്. ഇത് ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ കുറഞ്ഞ ശതമാനമാണ്.
അതുപോലെ, ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ഓഫ് സ്പിന്‍ എറിഞ്ഞതും അടിമേടിച്ചുകെട്ടി. ആകെ സ്പിന്‍ ബോളുകളില്‍ 25 ശതമാനം മാത്രം ഓഫ് സ്പിന്നര്‍മാരെയാണ് ഇവര്‍ നേരിട്ടത്. ഇത് എല്ലാ സീസണുകളിലെയും ഏറ്റവും കുറഞ്ഞ ശതമാനമാണ്. ഇടങ്കൈയ്യന്‍മാര്‍ക്കെതിരേ ശരാശരി 8.87 റണ്‍സും വഴങ്ങി. മുമ്പ് 2008-ല്‍ 8.50, 2018-ല്‍ 8.26 എന്നിങ്ങനെയാണു കണക്കുകള്‍.
കളിക്കാര്‍ ‘കൂള്‍’ ആയി ഇറങ്ങിയ സീസണ്‍കൂടിയായിരുന്നു ഇക്കുറി. മുള്‍മുനയില്‍ നിര്‍ത്തിയ കുറച്ചു മത്സരങ്ങള്‍ മാത്രമാണുണ്ടായത്. 200 മുകളില്‍ ചേസിംഗ് നടത്തുമ്പോള്‍ രസകരമായെങ്കില്‍ അതില്‍ പലതും ഒരോവര്‍ ബാക്കി നിര്‍ല്‍ക്കേ ജയിച്ചു. അഞ്ചു മസ്‌രങ്ങളാണ് ഇങ്ങനെ പൂര്‍ത്തിയായത്. വിജയകരമായ 37 200-പ്ലസ് ചേസുകളില്‍ ഒന്നും അവസാന പന്തിലേക്കു പോകാതെ അവസാനിച്ചു. പത്തില്‍ കുറവ് റണ്‍സില്‍ വിജയിച്ച ആറു മത്സരങ്ങളുണ്ടായി. അവസാന പന്തിലേക്കു മത്സരം നീണ്ടത് നാലു കളികളില്‍ മാത്രമായിരുന്നു. അതില്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സൂപ്പര്‍ ഓവര്‍ മത്സരവും ഉള്‍പ്പെടും. ഈ സീസണില്‍ ത്രില്ലര്‍ പോരാട്ടങ്ങള്‍ കുറവായിരുന്നു എന്നും ഇതു ചൂണ്ടിക്കാട്ടുന്നു.
ആകെയുള്ളതില്‍ 21.13 ശതമാനം മത്സരങ്ങള്‍ മാത്രയായിരുന്നു ക്ലോസ് പോരാട്ടങ്ങള്‍. വിജയ മാര്‍ജില്‍ 10 റണ്‍സില്‍ താഴെയോ അല്ലെങ്കില്‍ ആറു ബോളില്‍ വിജയം തീരുമാനിക്കേണ്ട കളികളോ മൂന്നു വിക്കറ്റ് മാത്രം ബാക്കിയുള്ള കളികളോ ഇതില്‍ പെടും. ഇതിനുമുമ്പ് ക്ലോസ് പോരാട്ടങ്ങള്‍ കുറഞ്ഞത് 2011ല്‍ ആണ്. അന്ന് 20.83 ശതമാനം കളികള്‍ മാത്രമാണ് ഇഞ്ചോടിഞ്ച് നടന്നത്. ഇക്കുറി പ്ലേഓഫ് സാധ്യത നിര്‍ണയിക്കലും ലളിതമായി. ലീഗ് ഘട്ടത്തിലെ 63-ാം മത്സരത്തിനുശേഷം ആദ്യ നാലു ടീമുകളുടെ കാര്യത്തില്‍ തീരുമാനമായി. ലീഗ് മത്സരങ്ങള്‍ തീരാന്‍ ഏഴു കളികള്‍കൂടി അപ്പോഴും ബാക്കിയുണ്ടായി. ഐപിഎല്ലിന്റെ ചരിത്രത്തില്‍തന്നെ ആദ്യ നാലു ടീമുകളുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമുണ്ടായതും ഇക്കുറിയാണ്.